പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു
ചെമ്മീൻ സിനിമ യുടെ സ്റ്റിൽ ഫോട്ടോ ഗ്രാഫർ ആയിരുന്നു. 1959ൽ തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ തുടങ്ങി.
തിരുവനന്തപുരം: പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ ശിവൻ (89) അന്തരിച്ചു. ഹൃദാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിൽ ആയിരുന്നു അന്ത്യം.
പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു. ഫോട്ടോഗ്രാഫിക്ക് പുറമെ സിനിമ,നാടകം,ഡോക്യുമെന്‍ററി രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചു. ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചിത്രങ്ങൾ മുതൽ ഇങ്ങോട്ട് കേരള രാഷ്ട്രീയത്തിന്‍റെ പല സുപ്രധാന സന്ദർഭങ്ങൾ പകർത്തിയും ശിവൻ എന്ന ശിവശങ്കരൻ നായർ ശ്രദ്ധ നേടി. 1959ൽ സെക്രട്ടറിയേറ്റിന് സമീപം ശിവൻസ് സ്റ്റുഡിയോ സ്ഥാപിച്ചു. 1972ൽ സ്വപ്നം എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമാ രംഗത്തേക്ക് കടന്ന ശിവൻ പിന്നീട് യാഗം,കൊച്ചുകൊച്ചു മോഹങ്ങൾ,ഒരുയാത്ര,കിളിവാതിൽ തുടങ്ങിയ സിനിമകളൊരുക്കിയും ചുവടുറപ്പിച്ചു.
ഛായാഗ്രാഹകനായ സന്തോഷ് ശിവൻ,സംഗീത് ശിവൻ,സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.സംസ്കാരം നാളെ ഉച്ചക്ക് തിരുവനന്തപുരത്ത് നടക്കും.
ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശിവന്റേത്. തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോ നീണ്ട കാലം സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
.