എഐ ക്യാമറയിൽ 'പ്രേതം' പതിഞ്ഞെന്ന് വ്യാജ പ്രചരണം,പിഴ നോട്ടീസിൽ കാറിൽ യാത്ര ചെയ്യാത്ത സ്ത്രീയും,ആകെ കണ്‍ഫ്യൂഷൻ!

ഒരാഴ്ച മുമ്പാണ് നോട്ടീസ് വരുന്നതെന്നും പകര്‍പ്പ് എടുത്തപ്പോഴാണ് ഡ്രൈവര്‍ സീറ്റിന് പിന്നിലായി കാറില്‍ യാത്ര ചെയ്യാത്ത യുവതിയെ ചിത്രത്തില്‍ കാണുന്നതെന്നും പ്രദീപ് കുമാര്‍ പറഞ്ഞു

False propaganda that 'ghost' was captured in AI camera, woman who did not travel in car on fine notice!, reason unknown

കണ്ണൂര്‍: കണ്ണൂർ പയ്യന്നൂരിൽ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴയടയ്ക്കാൻ ലഭിച്ച നോട്ടീസിൽ വാഹനത്തിൽ യാത്ര ചെയ്യാത്ത യുവതിയുടെ ചിത്രവും. കാറിലെ പിന്‍സീറ്റിലിരുന്ന യാത്ര ചെയ്തിരുന്ന കുട്ടികളുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞിട്ടുമില്ല. കാറില്‍ യാത്ര ചെയ്യാത്ത സ്ത്രീയുടെ ചിത്രത്തിനൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചതോടെ ചെറുവത്തൂര്‍ കൈതക്കാട് സ്വദേശി പ്രദീപ് കുമാര്‍ പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. എഐ ക്യാമറയുടെ പിഴവുമൂലമോ മറ്റു സാങ്കേതിക പ്രശ്നംകൊണ്ടോ സംഭവിച്ച പിഴവാണെന്നിരിക്കെ കാറില്‍ യാത്ര ചെയ്തത് തൂങ്ങിമരിച്ച സ്ത്രീയുടെ പ്രേതമാണെന്ന് ഉള്‍പ്പെടെയുള്ള വോയ്സ് ക്ലിപ്പുകളോടെയാണ് വ്യാജ പ്രചരണത്തില്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ് കാറില്‍ യാത്ര ചെയ്ത പ്രദീപിന്‍റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍.

സംഭവത്തില്‍ എവിടെയാണ് പിഴവുണ്ടായതെന്ന് മോട്ടോർ വാഹന വകുപ്പ് കെൽട്രോണിനോട് വിശദീകരണം തേടി. ചിത്രത്തിനൊപ്പം വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെതിരെയാണ് പ്രദീപ് പരാതി നല്‍കിയത്. ചെറുവത്തൂര്‍ കൈതക്കാടുള്ള കുടുംബം കാറില്‍ പോകുന്നതിനിടെയാണ് സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴയീടാക്കികൊണ്ട് നോട്ടീസ് വന്നത്. ആദിത്യന്‍ ആണ് വാഹനമോടിച്ചത്. ആദിത്യന്‍റെ അമ്മയുടെ സഹോദരിയും അവരുടെ രണ്ട് കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. സെപ്തംബര്‍ മൂന്നിന് രാത്രി എട്ടരയ്ക്ക് പയ്യന്നൂരിലേക്കുള്ള യാത്രക്കിടെ കേളോത്ത് റോഡിലെ എഐ ക്യാമറയില്‍ പതിഞ്ഞതാണ് ചിത്രം.

ഭാര്യയും കുട്ടികളും സഹോദരിയുടെ മകനൊപ്പം കാറില്‍ വരുന്നതിനിടെയാണ് സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴയീടാക്കുന്നതെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു. ഒരാഴ്ച മുമ്പാണ് നോട്ടീസ് വരുന്നതെന്നും പകര്‍പ്പ് എടുത്തപ്പോഴാണ് ഡ്രൈവര്‍ സീറ്റിന് പിന്നിലായി മറ്റൊരു യുവതിയെ ചിത്രത്തില്‍ കാണുന്നതെന്നും ക്യാമറയുടെ പിഴവാണെന്നാണ് അധികൃതര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പുറകിലെ സീറ്റിലിരിക്കുകയായിരുന്ന മകനെയും മകളെയും ചിത്രത്തില്‍ കാണാനില്ലെന്നും സംഭവത്തില്‍ വ്യാജ പ്രചരണം നടത്തരുതെന്നും ഇതുമൂലം ഭാര്യ ഉള്‍പ്പെടെ മാനസികമായി തകര്‍ന്ന നിലയിലാണെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.

ഡ്രൈവറുടെ പുറകിലെ സീറ്റില്‍ പതിഞ്ഞ സ്ത്രീ ആ വാഹനത്തില്‍ യാത്ര ചെയ്തിട്ടേയില്ല. പിന്നെ എങ്ങനെ ആ ചിത്രം പതിഞ്ഞുവെന്നതിന്‍റെ കാരണം ഇനിയും അധികൃതര്‍ക്ക് വിശദീകരിക്കാനായിട്ടില്ല.എഐ ക്യാമറയില്‍ എങ്ങനെ പിഴവ് സംഭവിക്കുമെന്നതാണ് പ്രധാന ചോദ്യം. എന്നാല്‍, എന്താണ് സംഭവിച്ചതെന്ന് മോട്ടോര്‍ വാഹനവകുപ്പിന് വരെ പിടികിട്ടിയിട്ടില്ല. മറ്റൊരു ചിത്രവുമായി ഓവർലാപ്പിങ് ആയതാണോ? അതോ പ്രതിബിംബം പതിഞ്ഞതാണോ? ഇക്കാര്യത്തിലൊന്നും ഒന്നും വ്യക്തതയില്ല. എന്താണ് സംഭവിച്ചതെന്നതിന്‍റെ വിശദീകരണം മോട്ടോര്‍ വാഹന വകുപ്പ് കെൽട്രോണിനോട് ചോദിച്ചിട്ടുണ്ട്.  സംശയം നിലനില്‍ക്കുമ്പോഴും പക്ഷേ റോഡ് ക്യാമറ പ്രേതത്തെ പകർത്തിയെന്നൊക്കെ  സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പറപറക്കുകയാണ്.

'ചന്ദ്രയാൻ-2ന്‍റെ പരാജയകാരണം കെ ശിവന്‍റെ തെറ്റായ തീരുമാനങ്ങൾ', ഗുരുതര ആരോപണങ്ങളുമായി എസ് സോമനാഥിന്‍റെ ആത്മകഥ

Latest Videos
Follow Us:
Download App:
  • android
  • ios