ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന് ഭീഷണിയായി വ്യാജ പിപിഇ കിറ്റുകൾ; നടപടിയില്ല
ദില്ലിയിൽ മരിച്ച രണ്ട് മലയാളി നഴ്സുമാർക്ക് നൽകിയ പിപിഇ കിറ്റുകളെ സംബന്ധിച്ച് വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
ദില്ലി: കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന് ഭീഷണിയായി വ്യാജ പിപിഇ കിറ്റുകള്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇടയിലെ കൊവിഡ് വ്യാപനത്തിന്‍റെ പ്രധാന കാരണമായി സുരക്ഷാ ഉപകരണങ്ങളുടെ ഗുണമേന്മയില്ലായ്മ ചൂണ്ടിക്കാട്ടുമ്പോഴാണ് വ്യാജ കിറ്റുകളും വ്യാപകമാകുന്നത്. ദില്ലിയിൽ മരിച്ച രണ്ട് മലയാളി നഴ്സുമാർക്ക് നൽകിയ പിപിഇ കിറ്റുകളെ സംബന്ധിച്ച് വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
കിറ്റുകളുടെ ഗുണനിലവാരത്തെ കുറിച്ച് നിരവധി പരാതികള്‍ ഉന്നയിച്ചിട്ടും പല ആശുപത്രികളും കേട്ട മട്ടില്ല. രാജ്യത്തെ ആകെ രോഗബാധിതരില്‍ അഞ്ച് ശതമാനത്തോളം പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്ന ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് നിലനില്‍ക്കുമ്പോഴാണ് ജീവന്‍ പണയപ്പെടുത്തി പലര്‍ക്കും ജോലി ചെയ്യേണ്ടി വരുന്നത്.
ദില്ലി എയിംസില്‍ ആറ് മണിക്കൂറാണ് നിലവിൽ പിപിഇ കിറ്റ് ധരിച്ചുള്ള ഡ്യൂട്ടി സമയം. ഇത് നാല് മണിക്കൂറാക്കി ചുരുക്കണമെന്നാവശ്യപ്പെട്ട് നഴ്സിംഗ് യൂണിയൻ സമരത്തിലാണ്. പല സ്വകാര്യ ആശുപത്രികളും പന്ത്രണ്ട് മണിക്കൂർ വരെ നഴ്സുമാരെ കൊണ്ട് ജോലി ചെയ്യിക്കുന്നു. ഈ സാഹചര്യത്തില്‍ പിപിഇ കിറ്റുകളിലും വ്യാജന്മാർ പെരുകുന്നത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കും.