വ്യാജ രേഖ: നടപടി ആവശ്യപ്പെട്ട് കെ എസ് യുവിന്റെ പരാതി; കാസർകോട് കരിന്തളം ഗവ.കോളജിൽ ഇന്ന് അടിയന്തര കൗൺസിൽ
വിദ്യക്കെതിരെ പരാതി നൽകുന്നതിനെക്കുറിച്ച് തീരുമാനിക്കാനാണ് അടിയന്തര കൗൺസിൽ യോഗം ചേരുന്നത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കി വിദ്യ കരിന്തളം ഗവ.കോളജിൽ ഗസ്റ്റ് ലക്ച്ചറായി ജോലി ചെയ്തിരുന്നു.
കാസർകോഡ്: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കാസർകോട് കരിന്തളം ഗവ.കോളജിൽ ഇന്ന് അടിയന്തര കൗൺസിൽ ചേരും. വിദ്യക്കെതിരെ പരാതി നൽകുന്നതിനെക്കുറിച്ച് തീരുമാനിക്കാനാണ് അടിയന്തര കൗൺസിൽ യോഗം ചേരുന്നത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കി വിദ്യ കരിന്തളം ഗവ.കോളജിൽ ഗസ്റ്റ് ലക്ച്ചറായി ജോലി ചെയ്തിരുന്നു.
2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് ജോലി ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർഥിനിയായിരുന്നു കാസർകോട് സ്വദേശി വിദ്യ കെ. 2018 മുതൽ 2021 വരെ മഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ ഉപയോഗിച്ചത്. പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയെടുത്ത സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് വിദ്യ പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താൽകാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതോടെ സംഭവം പുറത്താവുകയായിരുന്നു.
വ്യാജ രേഖ; മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു, കേസ് അഗളി പൊലീസിന്
കരിന്തളം കോളേജിൽ കൂടി വ്യാജരേഖ ഉപയോഗിച്ചെന്ന് വ്യക്തമായതോടെ വിദ്യക്കെതിരെ കൂടുതൽ ശക്തമായ അന്വേഷണം വരും. അതേസമയം വിദ്യയെ അറിയാമെന്നും എന്നാൽ വ്യാജരേഖ ചമച്ചതിൽ പങ്കില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ അറിയിച്ചു. അതിനിടെ, സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെഎസ് യു ഡിജിപിക്ക് പരാതി നൽകി. മഹാരാജാസ് കോളേജിലെ ഇടതു അധ്യാപക സംഘടനക്കും എസ്എഫ്ഐ നേതൃത്വത്തിലുള്ള കോളേജ് യൂണിയനും സംഭവത്തിൽ പങ്കുണ്ടെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും പരാതിയിൽ പറയുന്നു.
മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖ; പൂർവ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത് പൊലീസ്