'സൈബർ ആക്രമണം നേരിടുന്നു', കൗണ്‍സിൽ യോഗത്തിൽ വിതുമ്പി മേയര്‍; കെഎസ്ആർടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി
ഒരു സ്ത്രീയെന്ന നിലയിൽ പ്രതിപക്ഷ അംഗങ്ങൾ വസ്തുത അറിയാൻ ഒന്നു ഫോൺ കോള്‍ പോലും വിളിച്ചില്ലെന്നും ആര്യ രാജേന്ദ്രൻ യോഗത്തില്‍ പറഞ്ഞു.
എന്നാല്‍,മേയർ ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ മറുപടി നല്‍കി
തിരുവനന്തപുരം: തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ വെച്ച് മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയുമായുണ്ടായ വാക്കുതര്‍ക്കത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷൻ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് കൗണ്‍സില്‍ പാസാക്കിയത്. ഇന്ന് ഉച്ചയ്ക്കുശേഷം ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗം അനില്‍ കുമാറാണ് മേയറുടെ റോഡിലെ തര്‍ക്കം ഉന്നയിച്ചത്. തുടര്‍ന്ന് സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
മേയര്‍ പദവി ദുരുപയോഗം ചെയ്താണ് ബസ് തടഞ്ഞതെന്ന് ബിജെപി അംഗം അനില്‍ കുമാര്‍ ആരോപിച്ചു. തലസ്ഥാനത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെയാണ് മുറവേല്‍പ്പിച്ചതെന്നും സമൂഹത്തോട് മേയര്‍ മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. മേയര്‍ന ഗരസഭയക്ക് അപമാനമാണെന്നും രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അംഗങ്ങളും വിമര്‍ശനം ഉന്നയിച്ചു. യദു ആവശ്യപ്പെട്ടാല്‍ സംരക്ഷണം നല്‍കുമെന്നും ബിജെപി അംഗങ്ങള്‍ വ്യക്തമാക്കി.
ഡ്രൈവറെ പിരിച്ചുവിടാൻ പ്രമേയം പാസാക്കണമെന്ന് സിപിഎം അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സിപിഎം അംഗം ഡോ. ആര്‍ അനില്‍ പ്രമേയം അവതരിപ്പിച്ചു. വാക്കാലുള്ള പ്രമേയം തുടര്‍ന്ന് പാസാക്കുകയായിരുന്നു. ഒരു സ്ത്രീയെന്ന നിലയിൽ പ്രതിപക്ഷ അംഗങ്ങൾ വസ്തുത അറിയാൻ ഒന്നു ഫോൺ പോലും വിളിച്ചിട്ടില്ല ആര്യ രാജേന്ദ്രൻ യോഗത്തില്‍ പറഞ്ഞു. എന്നാല്‍,മേയർ ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ മറുപടി നല്‍കി. സ്തീത്വ അപമാനിച്ച പ്രതിയെ ന്യായീകരിക്കുന്നതിന് പ്രതിപക്ഷത്തിന് ഉളിപ്പില്ലെ എന്നും സിപിഎം പ്രതിനിധികൾ ചോദിച്ചു. പ്രമേയ അവതരണത്തിനിടെ ബിജെപി കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു.
പ്രമേയ ചര്‍ച്ചക്കിടെ വിതുമ്പി കൊണ്ടാണ് മേയര്‍ മറുപടി നല്‍കിയത്. താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണെന്നും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് നേരിടുന്നതെന്നും ഒരു മാധ്യമങ്ങളും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാട്ടിയില്ലെന്നും മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മേയര്‍ വിതുമ്പികൊണ്ട് പറഞ്ഞു. സൈഡ് കൊടുക്കാത്തതിനല്ല, ലൈംഗികമായി അധിഷേധിപിച്ചതിനാണ് പ്രതികരിച്ചതെന്നും നിയമനടപടി തുടരുമെന്നും മേയര്‍ പറഞ്ഞു. സത്യാവസ്ഥ പുറത്തു വരും. പ്രതികരിക്കുന്നതിന് മുമ്പേ മന്ത്രിയെയും പൊലീസിനെയും അറിയിച്ചുവെന്നും മേയര്‍ ആര്യാ രാജേന്ദ്രൻ പറഞ്ഞു.