'ഫേസ്ബുക്ക് കുറിപ്പുകളിൽ ചട്ടലംഘനമില്ല, ‌സർക്കാരിനെ വിമർശിച്ചിട്ടില്ല'; നടപടിയിൽ അത്ഭുതമെന്ന് എൻ പ്രശാന്ത്

അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തിൽ സസ്പെൻഷൻ നടപടി നേരിട്ട വിഷയത്തിൽ പ്രതികരണവുമായി എൻ പ്രശാന്ത്. 

Facebook posts were not offensive and did not criticize the government says N Prashanth IAS

തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തിൽ സസ്പെൻഷൻ നടപടി നേരിട്ട വിഷയത്തിൽ പ്രതികരണവുമായി എൻ പ്രശാന്ത്. തന്റെ വിശദീകരണം കേൾക്കാതെയാണ് നടപടിയെന്ന് എൻ പ്രശാന്ത് ഐഎഎസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സർക്കാരിന്റെ നടപടിയിൽ അത്ഭുതം തോന്നുന്നുവെന്നും പ്രശാന്ത് പ്രതികരണത്തിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പുകളിൽ ചട്ടലംഘനമില്ലെന്നും സർക്കാരിനെ വിമർശിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തത്. ആരെയും സുഖിപ്പിക്കാനല്ല തനിക്ക് ശമ്പളം നൽകുന്നതെന്ന് പറഞ്ഞ പ്രശാന്ത് തന്റെ കുറിപ്പുകളെ എന്തിനാണ് ഭയക്കുന്നതെന്നും ചോദിച്ചു.

അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തിലാണ് എൻ പ്രശാന്തിനെതിരായ നടപടി. ഫേസ്ബുക്ക് പോസ്റ്റുള്ളതിനാൽ വിശദീകരണം പോലും തേടാതെയാണ്  എൻ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറി നടപടിക്ക് ശുപാർശ ചെയ്തിരുന്നത്. പ്രശാന്തിൻ്റെ വിമർശനം സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ശാരദാ മുരളീധരൻ്റെ വസ്തുതാ റിപ്പോർട്ട്. നടപടി ഉറപ്പായിട്ടും ഇന്നും വിമർശനം തുടരുകയായിരുന്നു എൻ പ്രശാന്ത് ഐഎഎസ്. കള പറിക്കൽ തുടരുമെന്നും കളകളെ ഭയപ്പെടേണ്ടെന്നുമായിരുന്നു പ്രശാന്തിന്‍റെ ഇന്നത്തെ പോസ്റ്റ്. 

മല്ലു ഗ്രൂപ്പ് വിവാദത്തില്‍  കെ ഗോപാലകൃഷ്ണനെയും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷപത്തില്‍ എന്‍ പ്രശാന്തിനെയും സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. ഗോപാലകൃഷ്ണന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചേരി തിരിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ചേരിതിരിവുണ്ടാക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിലൂടെ ഉദ്യോഗസ്ഥർക്കിടയിലെ സാഹോദര്യം തകർക്കാൻ ശ്രമിച്ചുവെന്നും ഉത്തരവിലുണ്ട്. 

സോഷ്യൽ മീഡിയ വഴിയുള്ള പ്രശാന്തിൻ്റെ പരാമർശങ്ങൾ അഡ്മിനിസ്ടേറ്റീവ് സർവീസിനെ പൊതു മധ്യത്തിൽ നാണം കെടുത്തി. സർവീസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയെന്നും സർക്കാർ  ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios