കുഴി മിന്നലിനോട് സാമ്യം, കുന്നംകുളത്ത് സ്കൂളിന് സമീപം സ്ഫോടക വസ്തു പിടികൂടി; സംഭവത്തില്‍ ദുരൂഹത
കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്
തൃശൂര്‍: കുന്നംകുളത്തിനടുത്ത് ചിറ്റഞ്ഞൂരില്‍ പാടത്തുനിന്നും സ്ഫോടക വസ്തു കണ്ടെത്തി. തേങ്ങപെറുക്കാന്‍ പോയ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനാണ് ഗുണ്ടിന്‍റെ ആകൃതിയിലുള്ള സ്ഫോടക വസ്തു കിട്ടിയത്. പൊലീസും ബോംബു സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കുഴി മിന്നല്‍ എന്നറയിപ്പെടുന്ന വലിയ ഗുണ്ടിനോട് സാമ്യമുളള സ്ഫോടക വസ്തുവാണ് കണ്ടെത്തിയത്.
ചിറ്റഞ്ഞൂരിലും പരിസരത്തും തേങ്ങപെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനാണ് ഗുണ്ടിന്‍റെ ആകൃതിയിലുള്ള സ്ഫോടക വസ്തു റോഡിന് സമീപമുള്ള പാടത്തുനിന്നും കിട്ടിയത്. തേങ്ങയും സ്ഫോടക വസ്തുവുമായി ചിറ്റഞ്ഞൂര്‍ സ്കൂളിന് സമീപമെത്തിയപ്പോഴത് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെട്ടു. അവരാണ് വാര്‍ഡ് കൗണ്‍സിലറെയും പൊലീസിനെയും വിവരം അറിയിക്കുന്നത്.
പൊലീസെത്തിയതിന് പിന്നാലെ ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. മെറ്റല്‍ അംശങ്ങള്‍ ബോംബിലില്ലെന്നാണ് പ്രാഥമിക നിഗമനം. തിരക്കുള്ള പാതയ്ക്കരുകില്‍ സ്ഫോടക വസ്തു എങ്ങനെയെത്തിയെന്ന അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. വെടിക്കെട്ട് പുരയില്‍ നിന്ന് മോഷ്ടിച്ചതാകാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. ഒപ്പം ഗുണ്ടാ സംഘങ്ങള്‍ ഉപേക്ഷിച്ചതാണോ എന്ന സംശയവും പൊലീസിനുണ്ട്. പ്രധാനമന്ത്രി പതിനഞ്ചിനാണ് കുന്നംകുളത്ത് എത്തുന്നത്. വഴിയരികില്‍ സ്ഫോടക വസ്തു കണ്ടെത്തിയ പശ്ചാത്തലത്തില്‍ പരിശോധന കൂട്ടാനാണ് പൊലീസ് തീരുമാനം.