'കേരളത്തില്‍ ഡിസ്ചാര്‍ജ് പോളിസി മാറ്റണം'; രോഗമുക്തരായോ എന്നറിയാന്‍ പരിശോധന വേണ്ടെന്ന് വിദഗ്ധ സമിതി

10 ദിവസം കഴിഞ്ഞാൽ രോഗം പടര്‍ത്താനുളള സാധ്യത തീരെ ഇല്ല. അതുകൊണ്ട് നെഗറ്റീവായി എന്ന് കണ്ടെത്താനുള്ള പരിശോധന അനാവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിലപാട്.

expert committee says kerala should change covid discharge policy

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ഡിസ്ചാര്‍ജിനായി വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്നാണ് ശുപാര്‍ശ. രോഗമുക്തരായശേഷം ഒരാഴ്ചകൂടി വീടുകളില്‍ തങ്ങാനുള്ള നിര്‍ദേശവും ഇനി വേണ്ടെന്നാണ് വിദഗ്ധസമിതി നിലപാട്. 

രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണം. ഈ സാഹചര്യത്തിലാണ് കൊവിഡ് മുക്തരെ കണ്ടെത്താനുള്ള പരിശോധന ഒഴിവാക്കണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ. രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളെ പത്താം ദിവസം ഡിസ്ചാര്‍ജ് ചെയ്യാം. ലക്ഷണങ്ങളുളളവരുടെ കാര്യത്തില്‍ ലക്ഷണങ്ങള്‍ മാറുന്ന മുറയ്ക്ക് ഡിസ്ചാര്‍ജ്.

ഗുരുതരാവസ്ഥയില്‍ ഉള്ള രോഗിയാണെങ്കിലും ലക്ഷണങ്ങള്‍ മാറിയാൽ പരിശോധന നടത്താതെ ഡിസ്ചാര്‍ജ് ചെയ്യാം. 10 ദിവസം കഴിഞ്ഞാൽ രോഗം പടര്‍ത്താനുളള സാധ്യത തീരെ ഇല്ല. അതുകൊണ്ട് നെഗറ്റീവായി എന്ന് കണ്ടെത്താനുള്ള പരിശോധന അനാവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിലപാട്.

ഒരു ദിവസം അയ്യായിരത്തിനു മുകളില്‍ പേര്‍ക്ക് കൊവിഡ് നെഗറ്റീവ് ആയോ എന്നറിയാനുള്ള പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധന കൂടി പുതിയ രോഗികളെ കണ്ടെത്താൻ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഓഗസ്റ്റില്‍ വിദഗ്ധ സമിതി ഈ നിര്‍ദേശം നല്‍കിയെങ്കിലും ഡിസ്ചാര്‍ജിനായുള്ള പിസിആര്‍ പരിശോധന ഒഴിവാക്കി ആന്‍റിജൻ പരിശോധനയാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 

Latest Videos
Follow Us:
Download App:
  • android
  • ios