'ഫോട്ടോ വലിയ ബുദ്ധിമുട്ടുണ്ടാക്കി, എന്താണ് ടിവിയിൽ പോകുന്നതെന്ന് സിപിഎം നേതാക്കൾ ചോദിച്ചു'; എസ് രാജേന്ദ്രൻ

സിപിഎം വിടില്ലെന്നും ബിജെപിയില്‍ ചേരില്ലെന്നും മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് ദില്ലിയില്‍ പോയതെന്നും എസ് രാജേന്ദ്രൻ പറഞ്ഞു

Ex-Devikulam MLA  S Rajendran gives further clarification on rumors of going to BJP

തൊടുപുഴ: ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങളില്‍ കൂടുതല്‍ വിശദീകരണവുമായി സിപിഎമ്മില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മുന്‍ ദേവികുളം എംഎല്‍എഎസ് രാജേന്ദ്രൻ. സിപിഎമ്മിൽ നിന്നും പിന്നോട്ടില്ലെന്നും ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ക്കൊപ്പമുള്ള ഫോട്ടോ വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും എസ് രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ സിപിഎം നേതാക്കൾ വിളിച്ചിരുന്നു. കാര്യങ്ങൾ അവരെ അറിയിച്ചിട്ടുണ്ട്. അവർക്ക് ബോധ്യപ്പെട്ട എന്ന കാര്യത്തിൽ ഉറപ്പില്ല.  തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങില്ല എന്ന് നേരത്തെ അറിയിച്ചിട്ടുള്ളതാണ്.

പാർട്ടി മെമ്പർഷിപ്പ് പുതുക്കുന്ന കാര്യത്തിൽ സിപിഎമ്മാണ് തീരുമാനമെടുക്കേണ്ടത്. ഇന്നലെ തന്നോട് ഒപ്പം ചാവക്കാട് കാണാൻ എത്തിയ ദുരൈസ്വാമി വീട്ടിൽ വന്ന് തന്നെ ബിജെപിയിലേക്ക് ക്ഷണിച്ച ആളുകളിൽ ഒരാളാണ്. അതിലും മുതിർന്ന നേതാക്കൾ വീട്ടിലെത്തി ക്ഷണിച്ചിരുന്നു. ബിജെപിയിലേക്ക് ഇല്ല എന്ന നിലപാട് ഇന്നലെയും അവരെ അറിയിച്ചു.ബിജെപിയിലേക്ക് ഇല്ല എന്ന് പറയാൻ അല്ല ഡൽഹിയിൽ പോയത്. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് പോയത്. ജാവദേക്കറുമായി ഈ ആവശ്യം ചർച്ച ചെയ്തത് സൗഹൃദം കൊണ്ടുമാത്രമാണ്.

അദ്ദേഹം ബിജെപിയുടെ കേരളത്തിലെ സംഘടനാ കാര്യം ചുമതലയുള്ള ജനറൽ സെക്രട്ടറി ആണെന്ന കാര്യം  ശ്രദ്ധിച്ചില്ല. ജാവേദക്കറുമായുള്ള കൂടിക്കാഴ്ചയുടെ വാര്‍ത്ത വന്നതിന് പിന്നാലെ സിപിഎം നേതാക്കൾ വിളിച്ചിരുന്നു. എന്താണ് ഈ ടിവിയിൽ പോകുന്നത് എന്ന് ചോദിച്ചു. ചെറിയ വീഴ്ച തനിക്ക് പറ്റിയിട്ടുണ്ടെന്നും നേതാക്കളോട് ക്ഷമ ചോദിച്ചുവെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.  ഇന്നലെയാണ് എസ് രാജേന്ദ്രൻ ദില്ലിയിലെത്തി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതിന്‍റെ ഫോട്ടോയും പുറത്തുവന്നിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ഇടുക്കിയിലെ മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയും, സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസും രാജേന്ദ്രനുമായി വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി പരിപാടിയിലും എസ് രാജേന്ദ്രൻ പങ്കെടുത്തിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ദില്ലിയില്‍ ജാവദേക്കറുമായുള്ള എസ് രാജേന്ദ്രന്‍റെ കൂടിക്കാഴ്ച. നിയമസഭാ തെരഞ്ഞെടുപ്പില്‍ എ രാജയ്ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് എസ് രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് എന്ന സൂചന എസ് രാജേന്ദ്രൻ തന്നെ നല്‍കുകയായിരുന്നു. ഇതോടെയാണ് ഇദ്ദേഹവുമായി ചര്‍ച്ചയ്ക്ക് പാര്‍ട്ടി തയ്യാറായത്.

എടപ്പാള്‍ മേല്‍പ്പാലത്തിലെ അപകടം; പിക്ക്അപ്പ് വാൻ ഡ്രൈവര്‍ മരിച്ചു

 

Latest Videos
Follow Us:
Download App:
  • android
  • ios