പലസ്തീൻ ഐക്യദാർഢ്യം തുടങ്ങിയത് സിപിഎം, അത് കണ്ട് ലീഗ് ഭയന്നു; നടൻ വിനായകനെയും വിമർശിച്ച് ഇപി ജയരാജൻ
സിപിഎം യാതൊരു അന്ത്യശാസനവും ജെഡിഎസിന് നൽകിയിട്ടില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപി ജയരാജൻ
കൊച്ചി: മാധ്യമ സ്വാതന്ത്ര്യം രാജ്യത്ത് നിഷേധിക്കപെടുന്നുവെന്നും ഇത് ജനാധിപത്യത്തെ ഹോമിക്കുന്ന നടപടിയാണെന്നും ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. പലസ്തീൻ ഐക്യദാർഢ്യം ആദ്യം സിപിഎം തുടങ്ങിയപ്പോൾ അത് കണ്ട് ഭയന്നാണ് മുസ്ലിം ലീഗ് പ്രതിഷേധവുമായി രംഗത്ത് വന്നത്. ജെഡിഎസ് കേരള ഘടകത്തിന് സിപിഎം അന്ത്യശാസനം നൽകിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം നടൻ വിനായകനെയും വിമർശിച്ചു.
മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടുകൾക്ക് കോൺഗ്രസിനെയാണ് ഇക്കാര്യത്തിൽ ബിജെപി മാതൃകയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് രാജ്യത്ത് തകർന്നു കൊണ്ടിരിക്കുകയാണ്. അവർക്ക് ഇനി മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നും ചെയ്യാനുള്ള കരുത്തില്ല. നടൻ വിനായകന് പൊലീസിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ എഴുതി നൽകണമായിരുന്നു. പൊലീസ് സ്റ്റേഷനിലാണ് ഉള്ളതെന്ന കാര്യം സ്റ്റേഷനിലെത്തിയ എല്ലാവരും ഓർക്കണം. പൊലീസിനെ നിർവീര്യമാക്കാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീൻ ഐക്യദാർഢ്യം ആദ്യം തുടങ്ങിയത് സിപിഎമ്മാണ്. അത് കണ്ട് ഭയന്നാണ് മുസ്ലീം ലീഗ് റാലിയുയി ഇറങ്ങിയിട്ടുള്ളത്. അങ്ങനെയാണെങ്കിലും അത് നല്ലതാണെന്നും ഇപി ജയരാജൻ പറഞ്ഞു. പലസ്തീൻ ഐക്യദാർഢ്യവുമായി ഇറങ്ങിയ ആരേയും അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തിട്ടില്ല. കുറ്റവാളികളെ രക്ഷിക്കാൻ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ഇടപെടരുതെന്നും ഇപി ജയരാജൻ ആവശ്യപ്പെട്ടു.
ജെഡിഎസിന്റെ വിഷയം അവരുടെ ആഭ്യന്തര കാര്യമാണെന്ന് ജയരാജൻ പറഞ്ഞു. ഇക്കാര്യത്തിൽ സിപിഎം യാതൊരു അന്ത്യശാസനവും ജെഡിഎസിന് നൽകിയിട്ടില്ല. ജെഡിഎസ് കേരള ഘടകം എൽഡിഎഫിന്റെ നിലപാടിന് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.