'ഗാന്ധിജി പാലത്തിൽ നിന്ന് വീണു മരിച്ചതാണോ'? മാര്‍ പാംപ്ളാനിയുടെ രക്തസാക്ഷി പരാമര്‍ശത്തിനെതിരെ ഇപി ജയരാജന്‍
രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരെന്ന് ബിഷപ് പ്രസംഗിച്ചത് എന്തിനു വേണ്ടിയാണ് ?ആരെ സഹായിക്കാൻ ആണ് പ്രസ്താവനയെന്നും ഇടതുമുന്നണി കണ്‍വീനര്‍
കണ്ണൂര്‍:രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ളാനിയുടെ പരാമര്‍ശത്തിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്ത്.ഉന്നത സ്ഥാനത് ഇരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്.അങ്ങനെ ഒരാളിൽ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകും എന്ന് കരുതാൻ കഴിയില്ല.: ഗാന്ധിജി രക്തസാക്ഷി ആണ്. ഗാന്ധിജി പാലത്തിൽ നിന്ന് വീണു മരിച്ചതാണോ.രക്തസാക്ഷികളെ ആദരവോടെ കാണുന്നതാണ് നമ്മുടെ സമൂഹം. ബിഷപ് അങ്ങനെ പ്രസംഗിച്ചത് എന്തിനു വേണ്ടിയാണ്. ആരെ സഹായിക്കാൻ ആണ് പ്രസ്താവന.എന്താണ് ലക്ഷ്യം? ബിഷപ്പിന്‍റെ നടപടി തെറ്റാണെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി.
കെസിവൈഎം തലശ്ശേരി അതിരൂപത കണ്ണൂർ ചെറുപുഴയിൽ സംഘടിപ്പിച്ച യുവജന ദിനാഘോഷവേദിയിലായിരുന്നു ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമർശം. അപ്പസ്തോലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിനും നന്മയ്ക്കും വേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.