ബിനീഷുമായി സാമ്പത്തിക ഇടപാട്; നാലുപേര്‍ക്ക് ഹാജരാകാന്‍ ഇഡി നോട്ടീസ്
നവംബർ 18 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. അബ്ദുൽ ലത്തീഫിനും റഷീദിനും നേരത്തെയും ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ക്വാറന്‍റീനിലാണെന്ന കാരണം പറഞ്ഞ് ഇരുവരും ഹാജരായിരുന്നില്ല.
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസയച്ചു. ബിനീഷിന്‍റെ ബിനാമിയെന്ന് ഇഡി കണ്ടെത്തയ വ്യാപാരി അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് അനൂപുമായും ബിനീഷുമായും സാമ്പത്തിക ഇടപാട് നടത്തിയ റഷീദ്, അരുൺ എസ്, ബിനീഷിന്‍റെ ഡ്രൈവറായ അനി കുട്ടന്‍ എന്നിവർക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നവംബർ 18ന് രാവിലെ ഇഡി ആസ്ഥാനത്തെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അബ്ദുല്‍ ലത്തീഫിനോടും റഷീദിനോടും നേരത്തെതന്നെ ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും പലകാരണങ്ങൾ പറഞ്ഞ് ഇരുവരും എത്തിയിരുന്നില്ല. ഇവർക്ക് രണ്ടാമതും നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇനിയും ഹാജരായില്ലെങ്കില്‍ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് ഇഡി കടക്കും. ബുധനാഴ്ച ബിനീഷിന്‍റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. അതേസമയം ബിനീഷ് പാരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ തുടരുകയാണ്.
അതേസമയം ലൈഫ് മിഷൻ അന്വേഷണത്തിൽ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്. നിയമസഭ സെക്രട്ടറി നൽകിയ നോട്ടീസിനാണ് ഇഡി മറുപടി നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി ഫയലുകൾ വിളിച്ചു വരുത്താൻ ഇഡിക്ക് നിയമാനുസരണം അധികാരമുണ്ട്. അന്വേഷണത്തിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടു. ഈ അന്വേഷണ ഭാഗമായാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് ഇഡി വ്യക്തമാക്കി.