നവോത്ഥാനം, ശ്രീനാരായണ ഗുരു, 'സോഷ്യൽ ഡിലെമ'; സാങ്കേതികവിദ്യ സുഹൃത്തോ വില്ലനോ? ആഞ്ഞടിച്ച് വിദ്യാർത്ഥികള്‍
കാസർകോട് ജില്ലയിൽ നിന്നുമെത്തിയ നീലേശ്വരംകാരി അനുഗ്രഹ തന്റെ പ്രസംഗത്തിലുടനീളം ഓർമ്മിപ്പിക്കാൻ ശ്രമിച്ചത് ഒരു കാര്യമാണ്. സാങ്കേതിക വിദ്യയുടെ ഉപയോഗം അതിരുവിട്ടാൽ കാര്യം അൽപം പോക്കാണ് എന്ന്.
കോഴിക്കോട്: ശരിക്കും സാങ്കേതിക വിദ്യ നമ്മളെയാണോ അതോ നമ്മൾ സാങ്കേതിക വിദ്യയെ ആണോ ഉപയോഗിക്കുന്നത്? ഈ പുതുതലമുറയില്ലേ? നമ്മുടെ വിദ്യാർത്ഥികൾ, അവർക്ക് സാങ്കേതിക വിദ്യയോടുള്ള അഭിപ്രായമെന്താണ്? ഏതായാലും അത്ര മോശം അഭിപ്രായം ഒന്നുമല്ല. പറയുന്നത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹയർ സെക്കൻഡറി സ്കൂൾ പ്രസംഗമത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളാണ്.
പ്രസംഗത്തിന്റെ വിഷയം 'നവകേരളവും സാങ്കേതികവിദ്യയും'. മൊബൈലിൽ തല കുമ്പിട്ടിരിക്കുന്ന തങ്ങളടങ്ങുന്ന തലമുറയെ കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും സാങ്കേതിക വിദ്യ വലിയ തരത്തിൽ നമ്മെ പിന്തുണക്കുന്നുണ്ട് എന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവും ഇല്ല. കാസർകോട് ജില്ലയിൽ നിന്നുമെത്തിയ നീലേശ്വരംകാരി അനുഗ്രഹ തന്റെ പ്രസംഗത്തിലുടനീളം ഓർമ്മിപ്പിക്കാൻ ശ്രമിച്ചത് ഒരു കാര്യമാണ്. സാങ്കേതിക വിദ്യയുടെ ഉപയോഗം അതിരുവിട്ടാൽ കാര്യം അൽപം പോക്കാണ് എന്ന്. എന്നാൽ, അതേ സമയം തന്നെ കൊവിഡ് കാലത്ത് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും ആരോഗ്യമേഖലയിലായാലും സാങ്കേതികവിദ്യ തങ്ങളെ എത്രമാത്രം തുണച്ചു എന്നത് അനുഗ്രഹ എടുത്തു പറഞ്ഞു. എന്നാലും, മിനിറ്റുകൾക്ക് മുമ്പ് കിട്ടിയ വിഷയമായിട്ടും ഒട്ടും പതറാതെ വിദ്യാർത്ഥികൾ തങ്ങൾക്ക് പറയാനുള്ളത് പറഞ്ഞു.
നെറ്റ്‍ഫ്ലിക്സിലെ 'സോഷ്യൽ ഡിലെമ'യും
നെറ്റ്‍ഫ്ലിക്സിന്റെ ഡോക്യുമെന്ററിയായ 'സോഷ്യൽ ഡിലെമ' വലിയ തരത്തിൽ ആളുകളുടെ പ്രശംസ പിടിച്ചു പറ്റിയ ഒന്നായിരുന്നു. സാമൂഹിക മാധ്യമങ്ങൾ എത്രത്തോളം നമ്മുടെ ജീവിതത്തിൽ കടന്നുകയറി നിയന്ത്രണമേറ്റെടുക്കുന്നു എന്നതിന്റെ നേർക്കാഴ്ചയെന്ന് പലരും വിശേഷിപ്പിച്ച ഡോക്യുമെന്ററി, അതായിരുന്നു ജെഫ് ഓർലോസ്കി സംവിധാനം ചെയ്ത സോഷ്യൽ ഡിലെമ.
അനുഗ്രഹയുടെ പ്രസംഗത്തിൽ സോഷ്യൽ ഡിലെമയെ കുറിച്ചും പരാമർശിച്ചു. എന്നാലും നിങ്ങൾ പുതുതലമുറ സോഷ്യൽ മീഡിയയെ ഇത്രയും വിമർശിക്കുന്നവരാണോ എന്ന ചോദ്യത്തിനുള്ള അനുഗ്രഹയുടെ മറുപടി നമ്മൾ സാങ്കേതിക വിദ്യയെ ഉപയോഗിച്ചാൽ കുഴപ്പമില്ല, അത് നമ്മെ ഉപയോഗിച്ചാൽ കുഴപ്പമാണ് എന്നാണ്.
ജില്ലാ മത്സരത്തിലെ 'ലോകക്കപ്പ്'
കാസർകോട് ജില്ലാ മത്സരത്തിൽ തീരെ പ്രതീക്ഷിക്കാത്ത വിഷയമാണ് പ്രസംഗമത്സരത്തിനുണ്ടായത്. 'ഫുട്ബോൾ ആവേശം അതിര് കടക്കുമ്പോൾ' എന്നതായിരുന്നു വിഷയം. പങ്കെടുക്കാനുണ്ടായിരുന്നത് എട്ട് പെൺകുട്ടികൾ. താൻ ഫുട്ബോളിന്റെ ആരാധികയൊന്നുമായിരുന്നില്ല എന്ന് അനുഗ്രഹ പറയുന്നു. എന്നാൽ, മൊത്തത്തിൽ ലോകക്കപ്പ് ലോകത്തിന് സമ്മാനിക്കുന്നതെന്ത്? അതിന്റെ സാമൂഹിക രാഷ്ട്രീയ മാനം തുടങ്ങിയ വിഷയങ്ങളാണ് സംസാരിച്ചത്. ഏതായാലും അന്ന് ഒന്നാമതെത്തി.
വയനാട് ജിവിഎച്ച്എസ്എസ്സിൽ നിന്നുള്ള ആൻസിക്ക് പറയാനുണ്ടായിരുന്നത് സംസ്ഥാന കലോത്സവത്തിലെ വിഷയം കേട്ടപ്പോൾ അൽപം സർപ്രൈസ്ഡ് ആയി എന്നാണ്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഒന്നും അക്കൗണ്ടില്ല എന്ന് ആൻസി പറയുന്നു. എന്നാൽ, ഇനി ഇതൊന്നും ഇല്ലാത്ത ഒരു കാലത്തെ കുറിച്ച് ചിന്തിക്കാനാകില്ല എന്നതിനെ കുറിച്ചും ആൻസിക്ക് നല്ല ബോധ്യമുണ്ട്. നമ്മളത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം എന്നതിൽ തന്നെയാണ് ആൻസിയും ഊന്നൽ നൽകിയത്. 'സാങ്കേതിക വളർച്ചയും സാംസ്കാരിക തളർച്ചയും' എന്നതായിരുന്നു ജില്ലയിലെ വിഷയം. അതും ഏറെക്കുറെ തുണച്ചു എന്നും ആൻസി സമ്മതിച്ചു.
ശ്രീനാരായണഗുരു, നവോത്ഥാനം പിന്നെ സാങ്കേതിക വിദ്യ
ആദ്യം വന്ന പെൺകുട്ടികളെല്ലാം സാങ്കേതിക വിദ്യയെ കുറിച്ച് പേടി പ്രകടിപ്പിച്ചപ്പോൾ ആദ്യമായി സ്റ്റേജിലെത്തിയ ആൺകുട്ടി ആലപ്പുഴയിൽ നിന്നുള്ള ശ്രീരാഗ് സാങ്കേതിക വിദ്യയുടെ കൈപിടിച്ചാണ് നാം വളരാനിരിക്കുന്നത് എന്നതിലാണ് ഊന്നൽ കൊടുത്തത്. നവോത്ഥാനവും ശ്രീനാരായണഗുരുവും ഒക്കെ കടന്നു വന്ന പ്രസംഗത്തിൽ സാങ്കേതിക വിദ്യ ഒരു കുഞ്ഞാണ് എന്നും ഒരു കുഞ്ഞും പൂർണതയോടെയല്ല ജനിക്കുന്നത് എന്നും ശ്രീരാഗ് ഊന്നിപ്പറഞ്ഞു.
'സംസ്കാരത്തിനെതിരെ എന്നത് ഒരിക്കലും ഒരു മോശം വാക്കല്ല' എന്ന് പറഞ്ഞുകൊണ്ട് ഇവിടെ നിലനിന്നിരുന്ന സാമൂഹിക അനീതികളെ കുറിച്ചും നവോത്ഥാനത്തെ കുറിച്ചും ശ്രീരാഗ് സംസാരിച്ചു. വേറിട്ട ശൈലിയും പ്രസംഗത്തിലെ വ്യത്യസ്തതയും വലിയ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്. ഒരുപാട് വായിക്കുന്നതിനേക്കാൾ കുറച്ച് വായിച്ച് ഒരുപാട് ചിന്തിക്കുന്ന ആളാണ് താനെന്ന് ശ്രീരാഗ് പറയുന്നു.
ഏതായാലും മത്സരത്തിനെത്തിയതെല്ലാം നല്ല പുലിക്കുട്ടികളായിരുന്നു. ഒട്ടും ബോറടിക്കാതെയാണ് ഉച്ചഭക്ഷണ സമയമാവാറായിട്ടും കാണികൾ പ്രസംഗം കേട്ടിരുന്നതും കയ്യടിയോടെ വിദ്യാർത്ഥികളുടെ വാക്കുകളെ സ്വീകരിച്ചതും.