'മോദിയുടെ മുമ്പിൽ മുട്ടുകുത്തി പ്രാർഥിക്കുമായിരിക്കും'; മകൻ ഭാഗ്യാന്വേഷി, ആന്‍റണിക്ക് മനോവേദനയെന്ന് ബാലചന്ദ്രൻ

ഈ പ്രായത്തിലെങ്കിലും അദ്ദേഹത്തിന് സൗഖ്യവും സമാധാനം പകരുന്നതിനു പകരം അസംതൃപ്തിയുടെ ചുരുളഴിക്കുന്നത് രാഷ്ട്രീയ കേരളത്തിനും കോൺഗ്രസിനും അപകീർത്തിയുണ്ടാക്കിയിരിക്കുന്നു.

elizabeth antony kreupasanam revelation about anil antony bjp entry congress leader viral post btb

തിരുവനന്തപുരം:  അനിൽ ആന്‍റണിയുടെ ബിജെപി പ്രവേശനം സംബന്ധിച്ച എലിസബത്ത് ആന്‍റണിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയാകുമ്പോള്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഫ്രൊഫ. ജി ബാലചന്ദ്രൻ. അമ്മയുടേയും മകന്‍റെയും ഈ നിലപാട് കൊണ്ട് എ കെ ആന്‍റണി അനുഭവിക്കുന്ന മനോവേദനയ്ക്കു അതിരില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഈ പ്രായത്തിലെങ്കിലും അദ്ദേഹത്തിന് സൗഖ്യവും സമാധാനം പകരുന്നതിനു പകരം അസംതൃപ്തിയുടെ ചുരുളഴിക്കുന്നത് രാഷ്ട്രീയ കേരളത്തിനും കോൺഗ്രസിനും അപകീർത്തിയുണ്ടാക്കിയിരിക്കുന്നു. കോൺഗ്രസിന്‍റെയും എ കെ ആന്‍റണിയുടേയും യശസ്സിനു മങ്ങലേല്‍പ്പിച്ച കുടുംബത്തിന്റെ സ്വാർത്ഥ മോഹം അക്ഷന്തവ്യമാണെന്നും ബാലചന്ദ്രൻ കുറിച്ചു. 

ഫ്രൊഫ. ജി ബാലചന്ദ്രൻ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ 

മകൻ ഭാഗ്യാന്വേഷി അമ്മയ്ക്ക് സായൂജ്യം അച്ഛന് മനോവേദന

ഏ.കെ. ആന്റണി എന്റെ ഉറ്റ സുഹൃത്താണ്. അദ്ദേഹം KSU പ്രസിഡന്റായിരുന്നപ്പോൾ ഞാൻ വൈസ് പ്രസിഡന്റായിരുന്നു. ഞാൻ ആലപ്പുഴ DCC പ്രസിഡന്റായിരുന്നപ്പോഴാണ് ആന്റണി ചേർത്തലയിൽ നിന്ന് മത്സരിച്ച് ജയിച്ച് മുഖ്യമന്ത്രിയായത്. 
          ആന്റണിയുടെ മകന് ബിസിനസ്സിൽ നിന്ന് തിരിച്ചു വന്നപ്പോൾ രാഷ്ട്രീയ മോഹമുണ്ടായി. കോൺഗ്രസ്സ് അനിൽ ആന്റണിയെ സൈബർ  സെൽ കൺവീനറാക്കി. പോരാതെ അദ്ദേഹത്തിന് എം.എൽ.എ.യോ എം.പി.യോ ആകണം. ചുമ്മാതങ്ങ് പാലിമെന്ററി സ്ഥാനങ്ങൾ നല്കാനാവുമോ? 
       ജി.കാർത്തികേയൻ മരിച്ചപ്പോൾ ഉദ്യോഗത്തിൽ നിന്നു തിരിച്ചു വന്ന ശബരീ നാഥന് മത്സരിക്കാനും സഹതാപ തരംഗം  കൊണ്ട് ജയിക്കാനും കഴിഞ്ഞു. പി.റ്റി തോമസ് മരിച്ചപ്പോൾ ഉമാ തോമസിനും  മത്സരിച്ചു ജയിക്കാൻ കഴിഞ്ഞു. ഉമ്മൻ ചാണ്ടി നിര്യാതനായപ്പോൾ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള ചാണ്ടി ഉമ്മന് മത്സരിക്കാനും ജയിക്കാനും  കഴിഞ്ഞു. അതൊക്കെ അവസരവും ഭാഗ്യവും ഒത്തു വന്നതു കൊണ്ടാണ്. അനിൽ ആന്റണി അങ്ങനെയാണോ ? അദ്ദേഹത്തിന്റെ ശരീര ഭാഷ പോലും രാഷ്ട്രീയത്തിനു വഴങ്ങുന്നതല്ല. സംസാരത്തിൽ പോലും പിഴവു വരുന്നു. പക്ഷേ കൗശലക്കാരായ ബി.ജെ.പിക്കാർ A.K. ആന്റണിയുടെ മകനായതു കൊണ്ട് ബി.ജെ.പി ജനറൽ സെക്രട്ടറിയാക്കി-വക്താവുമാക്കി. 
           അമ്മ എലിസബത്ത് ആന്റണി പറയുന്നു അവരുടെ പ്രാർത്ഥനയും ആഗ്രഹവും കൊണ്ടാണ് അനിൽ ആന്റണിയ്ക്ക് ബി.ജെ.പിയിൽ സ്ഥാനമാനങ്ങൾ കിട്ടിയതെന്ന്.  മാത്രമല്ല കോൺഗ്രസ്സിൽ നിന്നപ്പോൾ അനിൽ ആന്റണിയ്ക്കു ഒരു സ്ഥാനവും കിട്ടിയില്ല. മാത്രമല്ല മകന്റെ നല്ല പ്രായവും കഴിയുന്നു. അമ്മയും മക്കളും A.K ആന്റണി ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നപ്പോഴൊക്കെ അതിന്റെ തണലിൽ സൗഭാഗ്യങ്ങൾ  അനുഭവിച്ചിട്ടുള്ളത് മറക്കാൻ കഴിയുമോ?. മാത്രമല്ല എലിസബത്ത് ആന്റണി വരച്ച ചിത്രങ്ങൾ വിലയ്ക്കു വാങ്ങിയതിന്റെ പേരിൽ ആന്റണി ചില്ലറ പഴിയല്ല കേട്ടത്. ഇപ്പോൾ അദ്ദേഹം കോൺഗ്രസ്സിന്റെ വർക്കിംഗ് കമ്മിറ്റിയിലുണ്ട്. അമ്മയുടേയും മകന്റേയും ഈ നിലപാട് കൊണ്ട് ശ്രീ. ഏ.കെ.ആന്റണി അനുഭവിക്കുന്ന മനോവേദനയ്ക്കു അതിരില്ല. ഈ പ്രായത്തിലെങ്കിലും അദ്ദേഹത്തിന് സൗഖ്യവും സമാധാനം പകരുന്നതിനു പകരം അസംതൃപ്തിയുടെ ചുരുളഴിക്കുന്നത് രാഷ്ട്രീയ കേരളത്തിനും കോൺഗ്രസ്സിനും അപകീർത്തിയുണ്ടാക്കിയിരിക്കുന്നു. 
         എനിക്കും ഭാര്യയും രണ്ടു മക്കളുമുണ്ട്. അവർക്ക് രാഷ്ട്രീയ മോഹമുണ്ടാക്കാനോ അതിനു പ്രേരിപ്പിക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല. കോൺഗ്രസ്സിലെ ഗ്രൂപ്പുകളി മടുത്തപ്പോൾ  ഞാൻ പ്രാഥമികാംഗത്വം മാത്രമെടുത്തു ഒതുങ്ങി എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
      കോൺഗ്രസ്സിന്റേയും ഏ.കെ.ആന്റണിയുടേയും യശസ്സിനു മങ്ങലേല്പിച്ച കുടുംബത്തിന്റെ സ്വാർത്ഥ മോഹം അക്ഷന്തവ്യമാണ്. കൃപാസനത്തിൽ പോയി മാതാവിന്റെ മുൻപിൽ കുറിപ്പെഴുതി വച്ച് ജോസഫച്ചന്റെ മദ്ധ്യസ്ഥ പ്രാർത്ഥനയിൽ വെളിപാടുണ്ടായി എന്നാണ് ശ്രീമതി എലിസബത്ത് പറഞ്ഞത്. A.K ആന്റണിയുടെ  അവിശ്വാസവും എലിസബത്തിന്റെ വിശ്വാസവും അനുരഞ്ജനത്തിലെത്തിയത്രേ. ഒരു പുരുഷായസ്സു മുഴുവൻ കോൺഗ്രസ്സിൽ പ്രവർത്തിച്ച ആന്റണി എന്ന കുഞ്ഞാടിനും ഒടുവിൽ മാനസാന്തരമോ? മോദിയുടെ മുൻപിൽ ഇനി മുട്ടുകുത്തി പ്രാർത്ഥിക്കുമായിരിക്കും. 

പറയാതെ വയ്യെന്ന് മുകേഷിന്‍റെ പോസ്റ്റ്, മന്ത്രിയുടെ മറുപടി; കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിന്‍റെ അവസ്ഥയെന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios