കാട്ടാന ചരിഞ്ഞ സംഭവത്തിൽ പ്രതി വിൽസണെ കോടതി റിമാന്റ് ചെയ്തു
ഇന്നലെയായിരുന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മുഖ്യ പ്രതികൾ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്
പാലക്കാട്: പാലക്കാട് തിരുവിഴാംകുന്ന അമ്പല പാറയിൽ കാട്ടാനയെ അപായപ്പെടുത്തിയ സംഭവത്തിലെ പ്രതി വിൽസണെ റിമാന്റ് ചെയ്തു. സ്ഫോടക വസ്തുക്കൾ നിറച്ച് കെണിയൊരുക്കിയെന്നാണ് ഇദ്ദേഹത്തിനെതിരായ കുറ്റം. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.
ഇന്നലെയായിരുന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മുഖ്യ പ്രതികൾ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. തിരുവിഴാംകുന്ന് ഒതുക്കുംപാറ എസ്റ്റേറ്റ് ഉടമ അബ്ദുൾകരീം, മകൻ റിയാസുദ്ദീൻ എന്നിവർക്കായാണ് വനംവകുപ്പും പൊലീസും തിരച്ചിൽ നടത്തുന്നത്. മുൻപും ഇവർ കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വില്‍പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിൽസൺ തേങ്ങയിൽ പന്നിപ്പടക്കം ഒളിപ്പിച്ച് കാട്ടിൽ വെച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
കഴിഞ്ഞ മാസം 27 നാണ് വെള്ളിയാർ പുഴയിൽ വച്ച് കാട്ടാന ചെരിഞ്ഞത്. പൈനാപ്പിളിൽ വച്ച സ്ഫോടക വസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു പ്രചാരണം. എന്നാല്‍, സ്ഫോടക വസ്തു വച്ചത് തേങ്ങയിലെന്ന് അറസ്റ്റിലായ വില്‍സന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുകയായിരുന്നു. വീര്യംകുറഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കുമുണ്ടെന്നാണ് നിഗമനം.
സൈലന്‍റ് വാലി ബഫർ സോണിനോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ ആനയടക്കം വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കൃഷിയിടങ്ങളിൽ നിന്ന് ഇവയെ അകറ്റാൻ വീര്യംകുറഞ്ഞ സ്ഫോടക വസ്തുക്കൾ ഭക്ഷണത്തിൽ പൊതിഞ്ഞ് വയ്ക്കുന്നത് പതിവാണ്. ഇങ്ങനെയാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം.
പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുൾപ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നൽകുന്നതിന് വനംവകുപ്പ് മുൻകൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ മാത്രമാണ് വനപാലകർ ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ കഴമ്പില്ലെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം.