പ്രതിസന്ധി അതിരൂക്ഷം; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത, സർചാർജും പരിഗണനയിൽ

മഴ കുറഞ്ഞതും പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദായതുമാണ് തിരിച്ചടിയായത്. നഷ്ടം നികത്താൻ സർചാർജും പരിഗണനയിലുണ്ട്.

electricity crisis power restriction may come in kerala nbu

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. ഓണം കഴിഞ്ഞ് നല്ല മഴ കിട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കും. പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുന്നോട്ട് പോകുന്നത്. ഇതിലൂടെ പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം ഉണ്ട്. മഴ കുറഞ്ഞതും പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദായതുമാണ് തിരിച്ചടിയായത്. നഷ്ടം നികത്താൻ സർചാർജും പരിഗണനയിലുണ്ട്. തിങ്കളാഴ്ച കെഎസ്ഇബി ചെയർമാൻ നൽകുന്ന റിപ്പോർട്ടിന് അനുസരിച്ചാകും സർക്കാരിന്റെ തുടർനടപടി.

സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് അധിക വൈദ്യുതി, പണം കൊടുത്ത് വാങ്ങേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ ആവില്ല. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോർഡ് ആണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിലവിൽ നിരക്ക് വർദ്ധനയ്ക്കെതിരെ എച്ച് ടി ഉപഭോക്താക്കളുൾപ്പെടെ ഹൈക്കോടതിയെ സമീപിച്ച് താത്ക്കാലിക സ്റ്റേ നേടിയിരുന്നു. സ്റ്റേ നീങ്ങിയാൽ രണ്ടാഴ്ച്ചക്കകം തന്നെ റെഗുലേറ്ററി കമ്മീഷൻ നിരക്കുയർത്തി ഉത്തരവിറക്കും. മുൻ വർഷങ്ങളിൽ ഇതേ സമയത്ത് അധിക വൈദ്യുതി പുറമേക്ക് കൊടുത്ത കെഎസ്ഇബിയാണ് ഇപ്പോൾ വൈദ്യുതി പണം കൊടുത്ത് വാങ്ങാനൊരുങ്ങുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios