കോട്ടൺഹിൽ സ്കൂളിലെ റാഗിങ്: ഡെപ്യൂട്ടി ഡയറക്ട‍ർ ഇന്ന് റിപ്പോർട്ട് നൽകും, പ്രതിഷേധം കടുപ്പിക്കാൻ രക്ഷിതാക്കൾ

പൊലീസിനടക്കം പരാതി നൽകി ആറ് ദിവസമായിട്ടും ആരോപണ വിധേയരായ വിദ്യാ‍ർത്ഥികളെ കണ്ടെത്താനോ ആക്രമിക്കപ്പെട്ട കുട്ടികൾക്ക് കൗൺസിലിങ് നൽകാനോ കഴി‌ഞ്ഞിട്ടില്ല

education department deputy director will be given report on cotton hill school raging today

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിലെ(cottonhill school) റാഗിങ്(raging) പരാതിയിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട‍ർ (deputy director)ഇന്ന് റിപ്പോർട്ട് നൽകും.സാമൂഹിക മാധ്യമങ്ങളിൽ കണ്ട പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് മൂന്ന് ദിവസത്തിനകം റിപ്പോ‍ർട്ട് നൽകാൻ നി‍ർദേശിച്ചത്.

 

പൊലീസിനടക്കം പരാതി നൽകി ആറ് ദിവസമായിട്ടും ആരോപണ വിധേയരായ വിദ്യാ‍ർത്ഥികളെ കണ്ടെത്താനോ ആക്രമിക്കപ്പെട്ട കുട്ടികൾക്ക് കൗൺസിലിങ് നൽകാനോ കഴി‌ഞ്ഞിട്ടില്ല. സ്കൂളിന് മുന്നിൽ ഇന്നും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടാകും. കുറ്റക്കാരെ കണ്ടെത്തി നടപടി എടുത്തില്ലെങ്കിൽ ഹെഡ്മാസ്റ്ററെ സ്കൂൾ വിട്ട് പോകാൻ അനുവദിക്കില്ലെന്ന് രക്ഷിതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

മൂത്രപ്പുരയിലേക്കെത്തിയെ ജൂനിയർ വിദ്യാർഥികളെ മുഖം മറച്ചെത്തിയ സീനിയർ വിദ്യാർഥികൾ ആക്രമിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സ്കൂൾ പരിസരത്ത് പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയും ഇന്ന് കോട്ടൺഹിൽ സ്കൂളിൽ നടക്കുന്നുണ്ട്. ഓൺലൈൻ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന കേരള പൊലീസന്റെ 'കൂട്ട്' പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂളിൽ സംഭവം ഉണ്ടാകുന്നത്. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർഥികൾ തടഞ്ഞു ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കിൽ കൈ ഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്കൂൾ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 

പരിക്കേറ്റ ഒരു വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പൊലീസിൽ പരാതി നൽകിയിരുന്നു.  ഈ വിദ്യാർഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിർന്ന വിദ്യാർഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മാസ്ക്ക് ഇട്ടിരുന്ന വിദ്യാർഥികൾ യൂണിഫോം ധരിച്ചിരുന്നില്ല എന്നാണ് വിദ്യാർഥികളുടെ മൊഴി.

ചെറിയ ക്ലാസിലെ കുട്ടികൾക്കുണ്ടായ മാനസികാഘാതം കുറയ്ക്കാൻ ഇന്ന് കൗൺസിലിങ്ങും ഒരുക്കിയിട്ടുണ്ട്.പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യുപിസ്കൂൾ കുട്ടികളെ മുതി‍ർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. എന്നാൽ  പുറത്തു നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കൾ സംശയിക്കുന്നു. 

സ്കൂൾ ഗെയിറ്റിനും ചുറ്റുമതിലിലും സിസിടിവി ക്യാമറകൾ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പരാതികൾ ഒന്നും കിട്ടിയിട്ടില്ലെന്നും സംഭവം ശ്രദ്ധയിൽപെട്ട ഉടൻ പൊലീസിലും ഉന്നതാധികാരികൾക്കും റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ടെന്നുമാണ് ഹെഡ് മാസ്റ്റർ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇതിനിടെ പ്രതിഷേധത്തിനിടെ സ്ഥലം എംഎൽഎ കൂടിയായ ആന്‍റണി രാജുവിനെ രക്ഷിതാക്കൾ തടഞ്ഞു.സ്കൂളിൽ സിസിടിവി സ്ഥാപിക്കുമെന്നും പരാതിക്ക് ഉടൻ പരിഹാരം കാണുമെന്നും ഉറപ്പു നൽകിയ ശേഷമാണ് രക്ഷിതാക്കൾ പ്രതിഷേധം അവസാനിപ്പിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios