അൻവര്‍ പുറത്തേക്ക്, അനുയായി അകത്ത്; ഇ എ സുകുവിനെ അറസ്റ്റ് ചെയ്ത് എടക്കര പൊലീസ്

പി വി അൻവറിന്റെ അനുയായിയും ഡിഎംകെ പ്രവർത്തകനുമായ ഇ എ സുകുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Edakkara police detained PV Anvars follower EA Suku from Nilambur

മലപ്പുറം: നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത കേസിൽ പി വി അന്‍വര്‍ എംഎഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ  അൻവറിന്റെ അനുയായിയും ഡിഎംകെ പ്രവർത്തകനുമായ ഇ എ സുകുവിനെ അറസ്റ്റ് ചെയ്ത് പൊലീസ്.  നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത കേസിൽ തന്നെയാണ് സുകുവിനെയും അറസ്റ്റ് ചെയ്തതെന്നാണ് വിവരം. എഫ്ഐആറിൽ അൻവറും കണ്ടാലറിയാവുന്ന പത്ത് പേരും എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതിൽ അൻവറടക്കം 5 പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അവശേഷിക്കുന്ന ആറ് പേരിൽ ഒരാളായിട്ടാണ് ഇന്ന് സുകുവിനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തത്. എടക്കര പൊലീസ് നിലമ്പൂരിൽ കോടതിപ്പടിയിൽ നിന്നുമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം സമരയാത്ര നടക്കുന്ന സമയത്തും അൻവറിനൊപ്പം സജീവമായി ഉണ്ടായിരുന്ന ആളാണ് ഇ എ സുകു. 

നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത കേസിൽ നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പിവി അന്‍വറിന് ജാമ്യം അനുവദിച്ചിരുന്നു.  മറ്റ് പ്രതികളെ കണ്ടെത്താൻ അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ വാദം കോടതി തള്ളി. അൻവർ ജനപ്രതിനിധി ആണെന്നും മണ്ഡലത്തിൽ സാന്നിദ്ധ്യം വേണമെന്നും പറഞ്ഞ കോടതി കസ്റ്റഡി ഇത് തടസപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി. സമാനമായ കുറ്റകൃത്യം നേരത്തെ ചെയ്തിട്ടില്ല. ഗൂഢാലോചന ആരോപണവും കോടതി തള്ളി. ഗൂഢാലോചന ആരോപണം നിലനിൽക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഡിഎഫ്ഒ ഓഫീസിലെ അക്രമവും നഷ്ടങ്ങളും ജാമ്യം നിഷേധിക്കാൻ കാരണം അല്ലെന്നും കോടതി പറഞ്ഞു. 

അന്‍പതിനായിരം രൂപയുടെ വീതം രണ്ട് ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപയുടെ ബോണ്ട് തുക കോടതിയില്‍ കെട്ടിവയ്ക്കണം എന്നിവയാണ് അന്‍വറിനുള്ള ജാമ്യ ഉപാധികൾ. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാനകുറ്റക്യത്യത്തിൽ ഏർപ്പെടരുത്, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണമെന്നും ജാമ്യ ഉപാധിയിൽ പറയുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios