'ഇ ഡി ആവശ്യപ്പെട്ടത് ഇത്രയും കാര്യങ്ങൾ'; വിശദീകരിച്ച് തോമസ് ഐസക്
വിവരങ്ങൾ ആവശ്യപ്പെട്ട ഇഡി, എന്തിനാണ് ഇത്രയും വിവരങ്ങൾ ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നോട് വ്യക്തിപരമായ വിവരങ്ങൾ തേടിയെന്ന് മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ്, കുടുംബങ്ങളുടെയടക്കം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വത്തുവിവരം, വിദേശായാത്രാ വിവരം, ഡയറക്ടർ ആയി ഇരിക്കുന്ന കമ്പനികളുടെ ആസ്തി, മസാല ബോണ്ട് ഇഷ്യ ചെയ്ത കിഫ്ബിയിലെ റോൾ തുടങ്ങി 13 കാര്യങ്ങൾ ഇഡി തേടിയെന്നും ഐസക് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. വിവരങ്ങൾ ആവശ്യപ്പെട്ട ഇഡി, എന്തിനാണ് ഇത്രയും വിവരങ്ങൾ ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
കിഫ്ബിയുടെ എക്സ് ഓഫിഷ്യോ മെംബര്‍ ആയതു കൊണ്ട് മാത്രം ചോദ്യം ചെയ്യാനോ വ്യക്തിപരമായ വിവരങ്ങള്‍ ആവശ്യപ്പെടാനോ ആകില്ലെന്ന് ഐസകിന്‍റെ അഭിഭാഷകന്‍ വാദിച്ചു. ഫെമ ലംഘനമെന്ന പേരിലുള്ള ഇഡി നടപടി നിയമവിരുദ്ധമാണെന്നും അഭിഭാഷകന്‍ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഒരു അന്വേഷണ ഏജൻസി നമ്മളുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു കാര്യത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടാൽ അത് കൊടുക്കാൻ ബാധ്യതയില്ലേ എന്നാണു ചില ശുദ്ധാത്മാക്കൾ ചോദിക്കുന്നത്. ഏതു കാര്യത്തെക്കുറിച്ചും വിശദീകരണം കൊടുക്കാം. പക്ഷേ, ആദ്യം എന്തുകൊണ്ട് എന്നോട് ഇത് ആവശ്യപ്പെടുന്നുവെന്നു പറയണം. ഇഡി എന്തൊക്കെയാണ് എന്നോട് ആവശ്യപ്പെട്ടത്?
1. പാസ്പോർട്ട് സൈസ് ഫോട്ടോ രണ്ടെണ്ണം.
2. പാസ്പോർട്ട്, ആധാർ, പാൻകാർഡ്.
3. എന്റെ പേരിലും കുടുംബാംഗങ്ങളുടെ പേരിലും നാട്ടിലും വിദേശത്തുമുള്ള കഴിഞ്ഞ 10 വർഷത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ്സ് (അവസാനിപ്പിച്ചവയടക്കം).
4. എന്റെയും കുടുംബാംഗങ്ങളുടെയും ഇന്ത്യയിലെയും വിദേശത്തെയും സ്ഥാവര ജംഗമ സ്വത്തുക്കളുടെ രേഖകൾ.
5. ഞാൻ ഡയറക്ടർ ആയി ഇരിക്കുന്ന എല്ലാ കമ്പനികളുടെയും ആസ്തി വിവരങ്ങളും വാർഷിക സ്റ്റേറ്റ്മെൻ്റും. ഡോക്യുമെൻ്റ്സ് സഹിതം.
6. ഇന്ത്യക്ക് അകത്തും പുറത്തും കഴിഞ്ഞ പത്ത് വർഷത്തിനിടെ വാങ്ങിയ/വിറ്റ സ്വത്തുക്കളുടെ വിവരം.
7. ഞാൻ ഡയറക്ടറോ പാർട്ണറോ ഉടമസ്ഥനോ ആയിട്ടുള്ള കമ്പനികൾ സംബന്ധിച്ച നാനാവിധ വിശദാംശങ്ങൾ
8. കഴിഞ്ഞ പത്ത് വർഷത്തെ ഐടി റിട്ടേൺ.
9. ഞാൻ ഡയറക്ടറോ പാർട്ണറോ ആയിരുന്നിട്ടുള്ള എല്ലാ കമ്പനികളുടെയും വാർഷിക ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ.
10. കഴിഞ്ഞ പത്ത് വർഷത്തിനിടെ നടത്തിയിട്ടുള്ള വിദേശ യാത്രകൾ, അതിൻ്റെ ഉദ്ദേശം, അവയിൽ നിന്നും ഉണ്ടാക്കിയിട്ടുള്ള വരുമാനം.
11. ഞാൻ ഡയറക്ടർ ആയ കമ്പനികൾക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായിട്ടുള്ള വിദേശ വരുമാനം സംബന്ധിച്ച ബാങ്ക് അക്കൗണ്ടുകൾ, രേഖകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ.
12. (ഇനം 11 തന്നെ ഇനം 12 ആയി വീണ്ടും ആവർത്തിച്ചിരിക്കുകയാണ്)
13. മസാല ബോണ്ട് ഇഷ്യൂ ചെയ്തതിൽ കിഫ്ബിയിലെ എൻ്റെ റോൾ.
ലൈവ് ലോ-യിലെ റിപ്പോർട്ട് പ്രകാരം ജസ്റ്റിസ് അരുൺ ഇന്നു കോടതിയിൽ ഇതു സംബന്ധിച്ചു പ്രസ്താവിച്ചത് ഇതാണ്: “അദ്ദേഹത്തിന് സ്വകാര്യതയ്ക്ക് അവകാശമുണ്ട്. നിയമാനുസൃതമായ ഒരു നടപടിക്രമത്തിലൂടെ മാത്രമേ അത് ലംഘിക്കാൻ അവകാശമുള്ളൂ. ആദ്യം ചോദിക്കട്ടെ, ഈ പ്രാഥമിക ഘട്ടത്തിൽതന്നെ എന്തിനാണ് ഇത്തരം വിശദാംശങ്ങൾ? ഈ പറഞ്ഞ രേഖകളെല്ലാം സമർപ്പിക്കുന്നതിന് ആവശ്യപ്പെടാനുള്ള നിഗമനത്തിൽ എത്താൻ നിങ്ങളുടെ മുന്നിൽ എന്തു വസ്തുതയാണുള്ളത്?.... എന്തിനു നിങ്ങൾ ആവശ്യപ്പെട്ട രേഖകൾ നിങ്ങൾക്ക് ആവശ്യമുണ്ടെന്നതിന് ഉത്തരം നൽകിയേ തീരൂ. ഇക്കാര്യത്തിൽ പരിഗണനാർഹമായ ഒരു പോയിന്റ് ഉണ്ടെന്നു ഞാൻ കരുതുന്നില്ല. ഇത് പ്രതിയോ കുറ്റക്കാരനെന്നു സംശയിക്കപ്പെടുന്ന ഒരാളോ ആണെങ്കിൽ ഇത് യുക്തിസഹമാണ്. പക്ഷേ ഇത്രയും സ്വകാര്യ വിവരങ്ങൾ ഒരാളോടു ലഭ്യമാക്കാൻ പറയുന്നത് എന്തിനുവേണ്ടിയെന്നു വിശദീകരിക്കേണ്ടതുണ്ട്.”
എന്നു മാത്രമല്ല, ആദ്യത്തെ സമൻസിൽ ഈ രേഖകളൊന്നും ആവശ്യപ്പെട്ടിട്ടില്ല. ഇതിനിടയിൽ എന്തു മാറ്റമാണ് ഉണ്ടായത്? കോടതി ചോദിച്ചു: “എന്തുകൊണ്ട് പെട്ടെന്നുള്ള ഈ മാറ്റം? ആദ്യ സമൻസിൽ രണ്ടാമത്തെ സമൻസിൽ ലിസ്റ്റ് ചെയ്തിട്ടുള്ള രേഖകളൊന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ”. ഇതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ കൗൺസിൽ മറുപടിക്കു സമയം ആവശ്യപ്പെട്ടത്.
എനിക്കു വേണ്ടി ഹാജരായത് സീനിയർ കൗൺസിൽ സിദ്ധാർത്ഥ് ധാവെ ആണ്. അദ്ദേഹം കോടതിയിൽ പറഞ്ഞത് ഉദ്ദരിക്കട്ടെ: “കിഫ്ബിയെക്കുറിച്ചാണ്, എന്നെക്കുറിച്ചല്ല അന്വേഷണമെന്നാണ് പറയുന്നതെങ്കിലും സമൻസ് വ്യക്തമാക്കുന്നത് മറിച്ചാണ്. ഇപ്പോൾ അവർ ഒരു ലംഘനത്തിനുവേണ്ടിയിട്ടുള്ള അന്വേഷണത്തിലാണ്. ലംഘനം എന്തെന്നു പറയട്ടെ. അപ്പോൾ ഞാൻ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കാം. നിശ്ചയമായിട്ടും വഴങ്ങുന്നതിനു ബാധ്യതയുണ്ട്. പക്ഷേ ഇക്കാര്യത്തിൽ എന്താണു ലംഘനം? എന്നെ ഇരുട്ടിൽ നിർത്തിയിരിക്കുകയാണ്.” ഇഡി ഒരു അന്വേഷണ പര്യടനത്തിലാണ് (fishing and grooving enquiry).
ഈ ഘട്ടത്തിൽ കോടതി സാക്ഷിക്കും സമൻസ് അയക്കാമല്ലോ എന്ന് പരാമർശിച്ചു. കേന്ദ്ര കൗൺസിൽ ജയശങ്കർ വി നായർ ഈ ഘട്ടത്തിൽ പെറ്റീഷണർ പ്രതിയല്ലെന്നും അതിനുള്ള ഭീഷണി ഇപ്പോൾ ഇല്ലെന്നും വ്യക്തമാക്കി.
കേസ് ബുധനാഴ്ചയിലേക്കു മാറ്റിയപ്പോൾ ഇന്നു (11-8-22) ഹാജരാകാത്തതിന്റെ പേരിൽ നടപടി ഉണ്ടാകുമോയെന്ന ആശങ്ക എന്റെ വക്കീൽ ഉന്നയിച്ചു. അങ്ങനെയൊന്ന് ഉണ്ടാവില്ലായെന്ന് കേന്ദ്ര കൗൺസിൽ ഉറപ്പു നൽകി.
എനിക്കുവേണ്ടി വക്കാലത്ത് എടുത്തിട്ടുള്ളത് അഡ്വ. രഘുരാജ് ആണ്. കൂടെ അഡ്വ. നന്ദുവും. അഡ്വ. രഘുരാജ് പാർട്ടിസ്ഥാൻ എന്നൊരു ആനൂകാലികം 70-കളുടെ ആദ്യ വർഷങ്ങളിൽ എറണാകുളത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന ടി.കെ.എൻ. മേനോന്റെ മകനാണ്. അഡ്വ. നന്ദു സുരേഷ് കുറുപ്പിന്റെ മകനും.