കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എസി മൊയ്തീന് വീണ്ടും നോട്ടീസ് നൽകി ഇഡി; ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണം
കൂടാതെ 10 വർഷത്തെ നികുതി രേഖകൾ ഹാജരാക്കാനും ഇ ഡി നിർദ്ദേശം നൽകി.
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കൂടാതെ 10 വർഷത്തെ നികുതി രേഖകൾ ഹാജരാക്കാനും ഇ ഡി നിർദ്ദേശം നൽകി. ഇന്ന് ഹാജരാകാനായിരുന്നു മൊയ്തീന് ഇഡി നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ അസൗകര്യം അറിയിച്ച് മൊയ്തീന്‍ മറുപടി നല്‍കിയിരുന്നു. തട്ടിപ്പ് കേസിൽ ബെനാമി ഇടപാടുകാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മുന്‍ മാനേജര്‍ ബിജു കരീം, പി.പി.കിരണ്‍, അനില്‍ സേട്ട് എന്നിവരെയാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. കേസില്‍ സംശയത്തിന്‍റെ നിഴലിലുള്ള സിഎം റഹീമും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും.
മുൻ മാനേജർ ബിജു കരീം, പി പി കിരൺ, അനിൽ സേട്ട് എന്നിവർ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കഴിഞ്ഞയാഴ്ച്ച മുൻ മന്ത്രിയും എംഎൽഎയുമായ എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. 23മണിക്കൂർ നീണ്ട പരിശോധനയിൽ എസി മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും അക്കൗണ്ടുകൾ ഇഡി പരിശോധിച്ചിരുന്നു.