ലഹരിയെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ; ജനകീയ സദസ്സുകൾ സംഘടിപ്പിക്കും, മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കും
യുവാക്കൾക്കിടയിൽ ലഹരി മരുന്നുപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇടപെടൽ. സംസ്ഥാനത്ത് 25,000 കേന്ദ്രങ്ങളിൽ സെപ്തംബർ 1 മുതൽ 20 വരെ ജനകീയ സദസ്സുകൾ സംഘടിപ്പിക്കും
കോഴിക്കോട്: സംസ്ഥാനത്ത് വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി ഡിവൈഎഫ് ഐ. യുവാക്കൾക്കിടയിൽ ലഹരി മരുന്നുപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇടപെടലിനുള്ള നീക്കം. യുവജനങ്ങളെ ലഹരിയിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം നൽകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. ജനങ്ങളെ അണിനിരത്തി പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനത്ത് 25,000 കേന്ദ്രങ്ങളിൽ സെപ്തംബർ 1 മുതൽ 20 വരെ ജനകീയ സദസ്സുകൾ സംഘടിപ്പിക്കും. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചതായും വി.കെ.സനോജ് കോഴിക്കോട് പറഞ്ഞു.
മയക്കു മരുന്ന് സംഘങ്ങളെ നിരീക്ഷിക്കാൻ രഹസ്യ സ്ക്വാഡുകൾ രൂപീകരിക്കാൻ ഡിവൈഎഫ്ഐ തിരുമാനിച്ചതായും വി.കെ.സനോജ് പറഞ്ഞു. സംസ്ഥാനത്തെമ്പാടും 2,500 രഹസ്യ സ്ക്വാഡുകൾ രൂപീകരിക്കാനാണ് നീക്കം. സെപ്തംബർ 18ന് 25,000 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും. ലക്ഷക്കണക്കിന് ആളുകളെ ഇതിൽ പങ്കെടുപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ഈ പരിപാടിയിൽ സ്കൂൾ പിടിഎ, അധ്യാപകർ, പൊതുപ്രവർത്തകർ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തും. മയക്കുമരുന്നിനെതിരായ പ്രചാരണത്തിനായി കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
ലഹരിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കണക്കുകളും സംഭവങ്ങളുമാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സ്‌കൂൾ, കോളേജുകൾ കേന്ദ്രീകരിച്ചും ഗ്രാമ-നഗര വ്യത്യാസം ഇല്ലാതെയും ഇതിന്റെ കണ്ണികൾ വ്യാപിക്കുകയാണ്. ഇത്തരം സംഘങ്ങളെ നാട്ടിൽ നിന്ന് ഒറ്റപ്പെടുത്താൻ ജനങ്ങളെ അണിനിരത്തേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.
വ്യാജമദ്യവും മയക്കുമരുന്നും സുലഭം: ഓണം സ്പെഷ്യൽ ഡ്രൈവുമായി എക്സൈസ്, പരിശോധനയ്ക്ക് ഡോഗ് സ്വാഡും
വ്യാജമദ്യം, മയക്കുമരുന്ന് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഓണം സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് എഡിഎം, സി.മുഹമ്മദ് റഫീഖ്. എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ എഡിഎമ്മിന്റെ ചേമ്പറിൽ നടന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകളിൽ ശക്തമായ റെയ്ഡുകളും വാഹന പരിശോധനകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. വകുപ്പിന് ലഭിക്കുന്ന എല്ലാ പരാതികളിന്മേലും സത്വര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.