ഓംപ്രകാശിനെതിരായ ലഹരിക്കേസ്; തമ്മനം ഫൈസലിനെ ചോദ്യം ചെയ്തു; ഇരുവരും ഫോണില്‍ ബന്ധപ്പെട്ടെന്ന് മരട് പൊലീസ്

ഓംപ്രകാശ് തമ്മനം ഫൈസലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.  
 

Drug case against Omprakash Tammanam Faisal questioned Maradu police said that both of them contacted on phone

കൊച്ചി: കുപ്രസിദ്ധ നേതാവ് ഓംപ്രകാശിനെതിരായ ലഹരിക്കേസിൽ ​ഗുണ്ടാ നേതാവ് തമ്മനം ഫൈസലിനെ ചോദ്യം ചെയ്ത് പൊലീസ്. മരട് സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് ഫൈസലിലെ ചോദ്യം ചെയ്തത്. ഓംപ്രകാശ് തമ്മനം ഫൈസലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.  

അതേ സമയം, ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ സിനിമാ താരങ്ങളെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ശ്രീനാഥ് ഭാസിക്കും പ്രയാഗാ മാര്‍ട്ടിനും നാളെ മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. ഓം പ്രകാശ് വിദേശത്തു നിന്ന് ലഹരി കടത്തി എന്ന  ആരോപണത്തെ തുടര്‍ന്ന് കേസില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും അന്വേഷണം തുടങ്ങി.

 നടി പ്രയാഗ മാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും കൊച്ചിയിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ഓം പ്രകാശുണ്ടായിരുന്ന മുറിയിലെത്തിയെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇവരെ കൂടാതെ ഇരുപത് പേര്‍ വേറെയുമുണ്ടായിരുന്നു. മുറിയില്‍ ലഹരിപാര്‍ട്ടി നടന്നെന്ന് ഉറപ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം.

തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്. നാളെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജകാനാണ് പ്രയാഗക്ക് നിര്‍ദേശം, ശ്രീനാഥ് ഭാസി 11 മണിക്ക് ഹാജരാകണം.  പ്രയാഗയുടെ വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് നല്‍കിയത്. കേസില്‍ ലഹരിപാര്‍ട്ടി നടന്നെന്ന് കരുതുന്ന ഹോട്ടല്‍ മുറിയിലെ ഫൊറന്‍സിക് പരിശോധന ഫലം നിര്‍ണായകമാണ്. ഇത് ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

പ്രാഥമിക വൈദ്യ പരിശോധനയില്‍ പ്രതികള്‍ ലഹരി ഉപയോഗിച്ചതിന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല, മുടിയുടെയും നഖത്തിന്‍റെയും സാംപികളുകള്‍ എടുത്തുള്ള വിശദമായ പരിശോധന നടത്തുന്നുണ്ട്. ഇതിന്‍റെ ഫലം വരാന്‍ വൈകും. ഓം പ്രകാശ് വിദേശത്തുനിന്ന് ലഹരി വസ്തുക്കള്‍ നാട്ടിലെത്തിച്ച് വില്‍പന നടത്തുന്നയാളാണെന്നും ഇയാള്‍ക്ക് പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും അന്വേഷണം തുടങ്ങി. മരട് പൊലീസില്‍ നിന്ന് എന്‍സിബി വിവരങ്ങള്‍ ശേഖരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios