ഇൻഷുറന്‍സ് ക്ലെയിം എടുത്തത് വഴിത്തിരിവായി, ദൃഷാനയെ ഇടിച്ചിട്ട കാർ 9 മാസത്തിന് ശേഷം കണ്ടെത്തി; പ്രതി വിദേശത്ത്
പുറമേരി സ്വദേശിയായ ഷജീൽ എന്ന ആള്‍ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്ന് വടകര റൂറൽ എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യ ചുമത്തിയെന്നും പൊലീസ് പറഞ്ഞു.
കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം കണ്ടെത്തിയെന്ന് പൊലീസ്. അപകടം നടന്ന് ഒമ്പത് മാസത്തിന് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുന്നത്. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശിയായ ഷജിൽ എന്ന ആള്‍ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്ന് വടകര റൂറൽ എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്ത പുറത്ത് കൊണ്ടുവന്ന ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളെ ഡിസിപി അഭിനന്ദിച്ചു.
അപകടത്തിൽ പരിക്കേറ്റ് കോമയിലായ 9 വയസുകാരിയുടെ ദുരിതം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമ അവസ്ഥയിൽ തുടരുന്ന 9 വയസ്സുകാരി ദൃഷാനയ്ക്ക് ഒടുവില്‍ നീതി. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യ ചുമത്തിയെന്നും പൊലീസ് പറഞ്ഞു. ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തത് അന്വേഷണത്തിന് വഴിത്തിരിവായി. പ്രതി ഇപ്പോൾ വിദേശത്താണെന്നും പൊലീസ് അറിയിച്ചു. മാര്‍ച്ച് 14 നാണ് പ്രതി വിദേശത്തേക്ക് കടന്നത്. പ്രതിയെ നാട്ടിലെത്തിക്കാന്‍ ശ്രനം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
കാര്‍ മതിലില്‍ ഇടിച്ചെന്ന് വരുത്തിയാണ് പ്രതി ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിച്ചത്. അപകടത്തിന് ശേഷം വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും പൊലീസ് കണ്ടെത്തി. അന്വേഷണത്തിന്‍റെ ഭാഗമായി 50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പൊലീസ് പരിശോധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒമ്പത് മാസമായി കോമ അവസ്ഥയിൽ തുടരുന്ന ദൃഷാനയുടെയും കുടുംബത്തിന്റെയും ദുരിതം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തെത്തിച്ചത്. ഇതിന് പിന്നാലെ വലിയ ഇടപെടലുകൾ നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെ എം ബിജു റിപ്പോര്‍ട്ട് ചെയ്ത വാർത്തയെത്തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. സർക്കാരിൽ നിന്നും ഹൈക്കോടതി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. എത്രയും പെട്ടന്ന് കാർ കണ്ടെത്താൻ പൊലീസിന് നിർദേശവും നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് അന്വേഷണം കാര്യക്ഷമമായത്. ജീവിതത്തിലേക്ക് തിരിച്ചുവരാൻ പൊരുതുകയാണ് ദൃഷാന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം