ആക്രമണത്തിന്റെ തലേന്ന് മുതൽ സന്ദീപിന്‍റെ പെരുമാറ്റത്തിൽ അസ്വഭാവികത; ആദ്യം ആക്രമിച്ചത് തന്നെയെന്നും അയൽവാസി
മുറിവ് പരിശോധിച്ച ശേഷം എക്സ്റേ എടുക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം. പ്രതിയുടെ കയ്യിൽ കത്രിക ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. ആദ്യം തന്റെ കഴുത്തിനാണ് കുത്തേറ്റതെന്നും ബിനു പറയുന്നു.
കൊല്ലം: അക്രമം ഉണ്ടാകുന്നതിന്റെ തലേദിവസം മുതൽ പ്രതി സന്ദീപ് പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്ന് കുത്തേറ്റ അയൽവാസിയും സിപിഎം പ്രവർത്തകനുമായ ബിനു. മുറിവ് പരിശോധിച്ച ശേഷം എക്സ്റേ എടുക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം. പ്രതിയുടെ കയ്യിൽ കത്രിക ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. ആദ്യം തന്റെ കഴുത്തിനാണ് കുത്തേറ്റതെന്നും ബിനു പറയുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബിനു.
സംഭവ ദിവസം സന്ദീപിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ബിനുവും പൊലീസുകാര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഡ്രസിംഗ് റൂമിൽ നിന്നാണ് ആക്രമിക്കാനുപയോഗിച്ച കത്രിക എടുത്തത് എന്നാണ് കരുതുന്നതെന്ന് ബിനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യം തന്റെ കഴുത്തിന് കുത്തി പിന്നെ ഹോം ഗാര്‍ഡിന്റെ തലയ്ക്കും കുത്തി. അക്രമം ഉണ്ടായപ്പോൾ ജീവനക്കാർ ചിതറിയോടി, പിന്നീടാണ് വന്ദന ദാസിനെ പ്രതി അക്രമിച്ചത്. താന്‍ ഓടി കതകിന് പിന്നിൽ ഒളിച്ചതിനാലാണ് രക്ഷപെട്ടതെന്നും ബിനു കൂട്ടിച്ചേര്‍ത്തു.
Also Read: കൊലപാതകം നടന്നത് 20 മിനിട്ടിൽ, പുലർച്ച 4.41 മുതൽ 5.04 വരെ സംഭവിച്ചത്, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും
കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജൻ വന്ദന ദാസ് (23) ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.