ഡോ വന്ദന കൊലക്കേസ്: പ്രതി സന്ദീപ് റിമാന്റിൽ; സംസ്ഥാന വ്യാപകമായി നാളെയും ഡോക്ടർമാർ പണിമുടക്കും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച അധ്യാപകൻ കൂടിയായ ജി സന്ദീപ് ഹൗസ് സർജനായ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു

Dr Vandana murder Accused Sandeep sent on judicial custody doctors strike to continue kgn

കൊല്ലം: കൊട്ടാരക്കര സർക്കാർ ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഇന്ന് വൈകീട്ടാണ് ഇദ്ദേഹത്തെ പൊലീസ് സംഘം കോടതിയിൽ ഹാജരാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ പണിമുടക്ക് നാളെയും തുടരുമെന്ന് ഐഎംഎ അറിയിച്ചു. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടൽ സംഘടന ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ഇടപെടണമെന്നും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓർഡിനൻസായി ഉടൻ ഇറക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പൊലീസിന്റെ സാന്നിധ്യത്തിൽ ഇത്തരമൊരു കൊലപാതകം നടന്നത് അതീവ ഗൗരവതരമെന്ന് കേരള ഗവ മെഡിക്കൽ ഓഫീസേർസ് അസോസിയേഷനും വിമർശിച്ചു. അത്യാഹിത വിഭാഗം ഒഴിവാക്കിക്കൊണ്ട് ഇന്ന് സർക്കാർ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച അധ്യാപകൻ കൂടിയായ ജി സന്ദീപ് ഹൗസ് സർജനായ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായിരുന്നു കൊല്ലപ്പെട്ട ഡോ വന്ദന ദാസ്. നെടുമ്പന യുപി സ്കൂൾ അധ്യാപകനാണ് കൊലയാളി കുവട്ടൂർ സ്വദേശി സന്ദീപ്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് കൊല്ലപ്പെട്ട വന്ദന. 

സംസ്ഥാനത്തെ നടുക്കിയ കൊലപാതകത്തെ തുടർന്ന് എല്ലാ ജില്ലകളിലും ഡോക്ടർമാർ പണിമുടക്കി. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നു.  ഒരു പ്രകോപനവും ഇല്ലാതെയാണ് സന്ദീപ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണം തുടങ്ങിയപ്പോൾ പൊലീസ് അടക്കം എല്ലാവരും ഓടി രക്ഷപ്പെട്ടപ്പോൾ അക്രമിക്കു മുന്നിൽ ഡോക്ടർ വന്ദന ദാസ് മാത്രമായി. നിസ്സഹായയായ പെൺകുട്ടിയെ അക്രമി തുരുതുരാ കുത്തിയതായി ദൃക്‌സാക്ഷികൾ പറയുന്നു.

ദൃക്സാക്ഷിയുടെയും എഡിജിപിയുടെയും എല്ലാം ഈ വിവരണം ഉള്ളപ്പോഴാണ് അതിനെല്ലാം വിരുദ്ധമായി എഫ്ഐആർ ഇട്ടിരിക്കുന്നത്. പൊലീസുകാർക്ക് കുത്തേറ്റത് വന്ദനയെ ആക്രമിക്കുന്നത് തടഞ്ഞപ്പോഴെന്ന് എഫ്.ഐ.ആറിൽ പറയുന്നുണ്ട്. എഡിജിപിയുടെ വിശദീകരണം പോലും തള്ളി എങ്ങനെ ആണ ഈ എഫ്ഐആർ തയ്യാറാക്കിയെന്ന ചോദ്യം ബാക്കിയാണ്. സംഭവത്തിൽ പൊലീസിന് വീഴ്ച ഇല്ലെന്ന വാദമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉയർത്തുന്നത്. പ്രതിയായല്ല സന്ദീപിനെ  ആശുപത്രിയിൽ കൊണ്ട് പോയത് എന്ന് എ ഡി ജി പി അജിത് കുമാർ പറഞ്ഞു. നാട്ടുകാർ മർദിച്ചു എന്ന സന്ദീപിന്റെ പരാതി പരിശോധിക്കാനാണ് പൊലീസ് സ്ഥലത്ത് എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios