ഡോ വന്ദനയ്ക്ക് ശരീരത്തിലേറ്റത് 11 കുത്തുകൾ; മുതുകിലും തലയിലുമേറ്റ കുത്തുകൾ മരണ കാരണം
കേസിലെ പ്രതി സന്ദീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും
കൊല്ലം: ഡോ വന്ദനയെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത് അതിക്രൂരമായി. കൊല്ലപ്പെട്ട വനിതാ ഹൗസ് സർജന്റെ ശരീരത്തിൽ 11 കുത്തുകളേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതിൽ 22 കാരിയായ ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തി. ആറ് തവണ വന്ദനയുടെ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകൾ യുവ ഡോക്ടറുടെ മരണത്തിന് കാരണമായെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. പൊതുദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം നാളെയാണ് സംസ്കരിക്കുക.
കേസിലെ പ്രതി സന്ദീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെയും ഡോക്ടർമാരുടെ പണിമുടക്ക് തുടരും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമനം ഓർഡിനൻസായി എത്രയും വേഗം പാസാക്കണമെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കേരളത്തെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടന്ന് ഇന്ന് പുലർച്ചെയാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച സന്ദീപ് ഹൗസ് സർജനായ വനിതാ ഡോക്ടർ 22 കാരിയായ വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസ്, കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്. കൊലയാളി കുവട്ടൂർ സ്വദേശി സന്ദീപ് നെടുമ്പന യുപി സ്കൂൾ അധ്യാപകനാണ്. ഇയാളെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നു. ഒരു പ്രകോപനവും ഇല്ലാതെയാണ് സന്ദീപ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണം തുടങ്ങിയപ്പോൾ പൊലീസ് അടക്കം എല്ലാവരും ഓടി രക്ഷപ്പെട്ടു. ഈ സമയത്ത് അക്രമിക്കു മുന്നിൽ ഡോക്ടർ വന്ദന ദാസ് മാത്രം അകപ്പെട്ടു. നിസ്സഹായയായ പെൺകുട്ടിയെ അക്രമി തുരുതുരാ കുത്തിയെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.
Read More: ഡോ വന്ദന കൊലക്കേസ്: പ്രതി സന്ദീപ് റിമാന്റിൽ; സംസ്ഥാന വ്യാപകമായി നാളെയും ഡോക്ടർമാർ പണിമുടക്കും
എന്നാൽ ഈ വിവരങ്ങൾക്കെല്ലാം വിരുദ്ധമായാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. പൊലീസുകാർക്ക് കുത്തേറ്റത് വന്ദനയെ ആക്രമിക്കുന്നത് തടഞ്ഞപ്പോഴാണെന്നും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ പൊലീസ് വീഴ്ച നിഷേധിക്കുകയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ. പ്രതിയായല്ല സന്ദീപിനെ ആശുപത്രിയിൽ കൊണ്ട് പോയത് എന്ന് എ ഡി ജി പി അജിത് കുമാർ പറഞ്ഞു. നാട്ടുകാർ മർദിച്ചുവെന്ന സന്ദീപിന്റെ പരാതി പരിശോധിക്കാനാണ് പൊലീസ് സ്ഥലത്ത് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.