സരിന് പാർട്ടി ചിഹ്നം നൽകില്ല; സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ പി സരിന് പാർട്ടി ചിഹ്നം നൽകാനുള്ള ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ നി‍ർദ്ദേശം സംസ്ഥാന നേതൃത്വം തള്ളി

Dr P Sarin wont be given CPIM symbol to contest Palakkad Byelections as LDF candidate

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സിപിഎമ്മിൻ്റെ പാർട്ടി ചിഹ്നം നൽകില്ല. പാർട്ടി ചിഹ്നത്തിൽ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ നിർദ്ദേശം സംസ്ഥാന നേതൃത്വം തള്ളി. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് നിർദ്ദേശം നൽകിയത്. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സരിനെ സ്വതന്ത്ര ചിഹ്നത്തിൽ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാൻ തീരുമാനമായി.

ഇന്ന് രാവിലെ മന്ത്രി എംബി രാജേഷിനെ പാലക്കാട്ടെ വീട്ടിലെത്തി കണ്ട ഡോ പി സരിൻ, പിന്നീട് ഓട്ടോറിക്ഷയിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോയി. ഇവിടെ വച്ച് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ സരിനെ നേതാക്കൾ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. പ്രവർത്തകർ സഖാവ് പി സരിന് അഭിവാദ്യം മുഴക്കി. എ.കെ.ബാലൻ, എൻ.എൻ കൃഷ്ണദാസ് ഉൾപ്പെടെ നേതാക്കളും സ്ഥലത്തുണ്ടായിരുന്നു.

ഇന്ന് വൈകിട്ട് സ്ഥാനാ‍ർത്ഥി പ്രഖ്യാപനം ഉണ്ടാകും. അതിന് ശേഷം പ്രതികരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം നാളെ വൈകിട്ട് നാല് മണിക്ക് പാലക്കാട് വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും കോട്ടമൈതാനം വരെ റോഡ് ഷോ നടത്താൻ സിപിഎം തീരുമാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios