'കസേര കളി' അവസാനിച്ചു; സർക്കാർ പുതിയ ഉത്തരവ് ഇറക്കി; ഡോ. ആശാദേവി ഡിഎംഒ ആയി ചുമതലയേറ്റു
ഒരേ സമയം രണ്ട് പേരാണ് ഡി എം ഓ ആയി ഓഫിസിലെ കാബിനിലിരുന്നത്. സ്ഥലം മാറ്റത്തിൽ കോഴിക്കോട് ഡി എം ഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു.
കോഴിക്കോട് : ഡോക്ടർ ആശാദേവി കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റു. സർക്കാർ പുതിയ ഉത്തരവ് ഇറക്കിയതോടെയാണ് ആശാദേവി ചുമതലയേറ്റത്. ഡിസംബർ 9 ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവുകളെല്ലാം അതേപടി നടപ്പാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
കോഴിക്കോട് ഡിഎംഒ ഓഫീസില്‍ സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡിഎംഒ കഴിഞ്ഞ രണ്ട് ദിവസവും തയ്യാറാകാതിരുന്നതോടെയാണ് സംഭവം വിവാദമായത്. ഒരേ സമയം രണ്ട് പേരാണ് ഡിഎംഓ ആയി ഓഫിസിലെ കാബിനിലിരുന്നത്. സ്ഥലം മാറ്റത്തിൽ കോഴിക്കോട് ഡിഎംഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്നാണ് സ്ഥാനം ഏറ്റെടുക്കാൻ ഡോ. ആശാദേവി ഡി എം ഒ ഓഫീസിൽ എത്തിയത്. പുതിയ ഉത്തരവ് വരാതെ കസേര ഒഴിയില്ലെന്നായിരുന്നു കോഴിക്കോട് ഡി എം ഒ രാജേന്ദ്രന്റെ നിലപാട്.
കോഴിക്കോട് ഡി എം ഒ ആയ ഡോക്ടര്‍ രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായാണ് ഡിസംബര്‍ ആദ്യം സ്ഥലം മാറ്റിയത്. ഈ മാസം പത്തിന് ഡോക്ടര്‍ ആശാദേവി കോഴിക്കോട് ഡി എം ഒയായി ചുമതലയേറ്റു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം കേരളാ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലില്‍ നിന്നും സ്ഥലം മാറ്റത്തില്‍ സ്റ്റേ വാങ്ങിയ രാജേന്ദ്രന്‍ ഡി എം ഒയായി ചാര്‍ജെടുത്തു. പിന്നീട് അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലം മാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രിബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞാണ് ഉച്ചയോടെ ഓഫീസിലെത്തിയത്.