ഇരട്ട വോട്ട് ആക്ഷേപം; വോട്ടുചെയ്യാതെ ബിജെപി ജില്ലാ പ്രസിഡൻ്റ്, സംഘർഷം ഒഴിവാക്കാനായി ചെയ്തില്ലെന്ന് പ്രതികരണം
എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കലാണ് പ്രധാനമായ കാര്യം. ആയിരക്കണക്കിന് വോട്ടുകളുടെ വോട്ടിന് ജയിക്കും. ഈ സാഹചര്യത്തിൽ സംഘർഷ സാധ്യത ഒഴിവാക്കി മുന്നോട്ട് പോവാനാണ് തീരുമാനിച്ചത്.
പാലക്കാട്: സംഘർഷം ഒഴിവാക്കാനാണ് താൻ വോട്ട് ചെയ്യാതിരുന്നതെന്ന് ഇരട്ട വോട്ട് ആക്ഷേപം നേരിടുന്ന ബിജെപി പ്രസിഡൻ്റ് കെഎം ഹരിദാസ്. തന്നെ വോട്ട് ചെയ്യുന്നതിൽ നിന്ന് ആർക്കും തടയാൻ കഴിയില്ല. വികെ ശ്രീകണ്ഠന് ബിജെപി ജില്ല പ്രസിഡൻ്റിനെ തടയാനാകില്ലെന്നും അത് വ്യാമോഹം മാത്രമാണെന്നും കെഎം ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.
എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കലാണ് പ്രധാനമായ കാര്യം. ആയിരക്കണക്കിന് വോട്ടുകളുടെ വോട്ടിന് ജയിക്കും. ഈ സാഹചര്യത്തിൽ സംഘർഷ സാധ്യത ഒഴിവാക്കി മുന്നോട്ട് പോവാനാണ് തീരുമാനിച്ചത്. വിലയേറിയ സമ്മതിദാന അവകാശം ഒഴിവാക്കിയതല്ല. പിശക് സംഭവിച്ചിട്ടില്ല. ബിജെപി പ്രസിഡൻ്റിനെ തടയുമെന്ന് ശ്രീകണ്ഠൻ പറഞ്ഞിരുന്നു. ബിജെപി ജില്ലാ പ്രസിഡൻ്റിനെയെന്നല്ല, ബൂത്ത് പ്രസിഡൻ്റിനെ പോലും തടയാൻ ശ്രീകണ്ഠന് കഴിയില്ല. ഇപ്പോഴല്ല, പത്തുജന്മം കഴിഞ്ഞാലും കഴിയില്ല. അനാവശ്യ വിവാദം ഒഴിവാക്കാനാണ് വോട്ട് ചെയ്യാതിരുന്നതെന്നും പാലക്കാട് നല്ല രീതിയിൽ പോളിംഗ് നടന്നിട്ടുണ്ടെന്നും കെഎം ഹരിദാസ് പറഞ്ഞു.
അതേസമയം, ഇരട്ട വോട്ട് ആക്ഷേപം നേരിട്ടവരിൽ ഭൂരിപക്ഷവും വോട്ട് ചെയ്യാൻ എത്തിയില്ലെന്നാണ് റിപ്പോർട്ട്. ഇരട്ട വോട്ട് ആക്ഷേപം നേരിടുന്ന ജില്ലാ പ്രസിഡൻ്റിനെ തടയുമെന്ന് കോൺഗ്രസ് എംപി വികെ ശ്രീകണ്ഠൻ പറഞ്ഞിരുന്നു. ഇതിൻ്റെ ഭാഗമായി ബൂത്തിൽ പൊലീസിനേയും വിന്യസിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള സംഘർഷമുണ്ടായാൽ തടയാനായിരുന്നു പൊലീസ് വിന്യാസം. എന്നാൽ സംഘർഷം ഒഴിവാക്കാനായി താൻ വോട്ടു ചെയ്തില്ലെന്ന് കെഎം ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.