'വാ മോനെ ആർഷോ ഓമനിക്കലുകളല്ല, എന്തിനാ മോളെ കരയണേ താലോലിക്കലുമല്ല, ഇത് സമരസപ്പെടാത്ത സമരം': ഷാഫി പറമ്പിൽ
പുതിയ പിള്ളേർ സ്ട്രോങ്ങാണ്. ഡബിള്‍ സ്ട്രോങ്. സമരങ്ങളിലും സംഘാടനത്തിലും സേവനത്തിനും അവരുടെ കൂടെയുണ്ടാകുമെന്നും ഷാഫി പറമ്പില്‍
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തെ താലോലിച്ച് ഓമനിച്ച പിണറായി പൊലീസ് യൂത്ത് കോണ്‍ഗ്രസുകാരുടെ തലയടിച്ച് പൊട്ടിക്കുന്നതും പെൺകുട്ടികളുടെ വസ്ത്രം വലിച്ച് കീറുന്നതും കേരളം കാണുന്നുണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പൊലീസ് പൊലീസിന്റെ പണി എടുത്താൽ അംഗീകരിക്കും. പാർട്ടി ഗുണ്ടകളുടെ പണി എടുത്താല്‍ പ്രതിരോധിക്കുമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി.
പുതിയ പിള്ളേർ സ്ട്രോങ്ങാണ്. ഡബിള്‍ സ്ട്രോങ്. സമരങ്ങളിലും സംഘാടനത്തിലും സേവനത്തിനും അവരുടെ കൂടെയുണ്ടാകുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
"വാ മോനെ ആർഷോ ഓമനിക്കലുകളല്ല. എന്തിനാ മോളെ കരയണേ താലോലിക്കലുമല്ല. സമരസപ്പെടാത്ത സമരം"- എന്നും ഷാഫി പറമ്പില്‍ കുറിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തിയ സമരത്തെ കുറിച്ചാണ് പരാമര്‍ശം.
യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയാണ് തലസ്ഥാനം യുദ്ധക്കളമായത്. സര്‍ക്കാരിന്‍റെ തിരുവനന്തപുരം ജില്ലയിലെ നവകേരള സദസ് ആരംഭിക്കാനിരിക്കെയായിരുന്നു പ്രതിഷേധം. നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തു. കന്‍റോണ്‍മെന്‍റ് എസ്ഐ ഉള്‍പ്പടെ എട്ട് പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
അതിനിടെ ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ കെ എസ് യു പ്രവർത്തകരെ പൊലീസ് മൃഗീയമായി ആക്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിദ്യാർഥി നേതാക്കളേയും മാർച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴൽനാടൻ എംഎൽഎയെയും ക്രൂരമായി തല്ലിച്ചതച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പൊലീസിനെ നിയന്ത്രിക്കുന്ന ഉപജാപക സംഘത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇതെന്നും വി ഡി സതീശന്‍ ആരോപിച്ചു.
എസ്എഫ്ഐ പ്രവർത്തകരുടെ സമരത്തെ വാത്സല്യത്തോടെ നേരിടുന്ന പൊലീസ്, കെഎസ്യു പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നു. ഇത് ഇരട്ട നീതിയാണ്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്ന് ഓർക്കണമെന്നും സതീശൻ വെല്ലുവിളിച്ചു. നവകേരള സദസുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ അക്രമങ്ങളുടേയും ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സതീശൻ പറഞ്ഞു.