വീട്ടമ്മയുടെ പീഡന പരാതി: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കരുത്, ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
എസ്.പി.സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ച് നിർദ്ദേശം. ഇത് റദ്ദാക്കി.
കൊച്ചി : പൊന്നാനിയിൽ പരാതി പറയാനെത്തിയ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ്.പി.സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ച് നിർദ്ദേശം.
എസ്പിയും ഡിവൈ എസ്പിയും സിഐയും ബലാൽസംഗം ചെയ്തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. ഇതിനെതിരെയാണ് ആരോപണവിധേയനായ സർക്കിൾ ഇൻസ്പെകടർ വിനോദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ഹർജിയിലാണ് കോടതി വിധി.
മലപ്പുറം മുൻ എസ്.പി സുജിത് ദാസുൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. പരാതിയിൽ തുടർനടപടിയുണ്ടാകാതിരുന്നതോടെ വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.