വൈദ്യുതി ബിൽ വരുമ്പോൾ കുറവ് കണ്ടാൽ അത്ഭുതപ്പെടേണ്ട..! കാരണം വ്യക്തമാക്കി കെഎസ്ഇബി
വൈദ്യുതി കണക്ഷൻ എടുക്കമ്പോള്‍ കണക്റ്റഡ് ലോഡ് അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടതുണ്ട്.
തിരുവനന്തപുരം: ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75 ശതമാനം എന്ന നിരക്കിൽ പലിശ ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇത് എല്ലാ ഉപഭോക്താക്കൾക്കും മെയ് - ജൂൺ - ജൂലൈ മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്ത് നൽകും. വൈദ്യുതി കണക്ഷൻ എടുക്കമ്പോള്‍ കണക്റ്റഡ് ലോഡ് അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടതുണ്ട്.
ഇലക്ട്രിസിറ്റി സപ്ലൈ കോഡിലെ ചട്ടം 67(6) പ്രകാരം, ദ്വൈമാസ ബിൽ നൽകപ്പെടുന്ന ഉപഭോക്താവിന്, ശരാശരി പ്രതിമാസ ബിൽ തുകയുടെ മൂന്ന് ഇരട്ടിയും പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് ശരാശരി ബിൽ തുകയുടെ രണ്ടിരട്ടിയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നിലനിർത്തേണ്ടത്. ഈ തുകയ്ക്ക് കെഎസ്ഇബിഎൽ ഓരോ സാമ്പത്തിക വര്‍ഷവും ആ വര്‍ഷം ഏപ്രിൽ ഒന്നാം തീയതി നിലവിലുള്ള ബാങ്ക് പലിശ നിരക്കിൽ പലിശ നല്‍കുന്നുണ്ട്. (ഇത് മെയ് മാസം ആണ് ഡിമാൻഡ് ചെയ്യുന്നത്). 2023-24 ൽ 6.75 ശതമാനം ആണ് പലിശ നിരക്ക്.
ഉദാഹരണത്തിന് 600 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കില്‍ പലിശയായി 41 രൂപ കിട്ടും. ഈ കണക്കാക്കുന്ന തുക ജൂണ്‍ ജൂലൈ മാസത്തിലെ വൈദ്യുതി ബില്ലിൽ അഡ്ജസ്റ്റ്മെന്‍റ് ആയി കാണിച്ച് കുറയ്ക്കും. (കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടുണ്ടെങ്കില്‍ എത്ര ദിവസം ആ തുക കെഎസ്ഇബിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു എന്ന് കണക്കാക്കി ആനുപാതികമായ പലിശ ലഭിക്കുന്നതാണ്.)
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം