'കലാഭവൻ മണിയോട് ഇടതുസര്‍ക്കാര്‍ അവഗണന കാണിക്കുന്നു, സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങി': ഡോ. ആർഎൽവി രാമകൃഷ്ണൻ
സ്മാരകം വരാതിരിക്കാൻ ആരൊക്കെയോ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നും ആർഎൽവി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ വെളിപ്പെടുത്തി.
തൃശൂർ: അന്തരിച്ച നടൻ കലാഭവൻ മണിയോട് ഇടതു സർക്കാർ അവഗണന കാണിക്കുന്നുവെന്നും സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങിയെന്നും മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട്. ചാലക്കുടിയിൽ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് പ്രതിഷേധമെന്നും സമരം ചെയ്യേണ്ടിവരുമെന്നും രാമകൃഷ്ണൻ പറഞ്ഞു. കലാഭവൻമണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റുകളിൽ 3 കോടി രൂപ വകയിരുത്തിയിട്ടും ഒന്നും നടന്നില്ല. സർക്കാരിന്റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നു എന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു. മണിയോട് ഫോക് ലോർ അക്കാദമി വിവേചനം കാണിക്കുന്നു. സ്മാരകം വരാതിരിക്കാൻ ആരൊക്കെയോ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നും ആർഎൽവി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ വെളിപ്പെടുത്തി.