എന്തൊക്കെ ചെയ്യാം, ചെയ്യാതിരിക്കാം? ഐസക്കിനെതിരായ ഇഡി നീക്കത്തോടെ കിഫ്ബി കേസ് നിയമസാധുതയെ ചൊല്ലിയും തര്‍ക്കം
കള്ളപ്പണ കേസുകൾ അന്വേഷിക്കാൻ അധികാരമുള്ള ഇഡിക്ക് ഫെമാ കേസ് അന്വേഷിക്കാൻ അധികാരമില്ല എന്നാണ് ഐസക്കിന്‍റെ വാദം . ഏത് കേസിലും സാമ്പത്തിക കാര്യങ്ങളിൽ സംശയകരമായ സാഹചര്യങ്ങൾ ഉണ്ടായാൽ ആരെയും വിളിച്ച് വിവരങ്ങൾ തേടാം എന്നാണ് ഇഡിയുടെ മറുവാദം.
തിരുവനന്തപുരം: കിഫ്ബി കേസിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാനുള്ള എൻഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് നീക്കത്തോടെ കേസിന്‍റെ നിയമസാധുതയെ ചൊല്ലിയും തർക്കം മുറുകുന്നു. കള്ളപ്പണ കേസുകൾ അന്വേഷിക്കാൻ അധികാരമുള്ള ഇഡിക്ക് ഫെമാ കേസ് അന്വേഷിക്കാൻ അധികാരമില്ല എന്നാണ് ഐസക്കിന്‍റെ വാദം . ഏത് കേസിലും സാമ്പത്തിക കാര്യങ്ങളിൽ സംശയകരമായ സാഹചര്യങ്ങൾ ഉണ്ടായാൽ ആരെയും വിളിച്ച് വിവരങ്ങൾ തേടാം എന്നാണ് ഇഡിയുടെ മറുവാദം.
കിഫ്ബി -എൻഫോഴ്സ്മെന്‍റ് പോര് പുതിയതല്ലെങ്കിലും തോമസ് ഐസക്കിനെ കൂടി കളത്തിലിറക്കാനുള്ള ഇഡി നടപടികളാണ് വിവാദമാകുന്നത്. ചോദ്യംചെയ്യാൻ ഇഡിയും ,ഹാജരാകാതിരിക്കാൻ തോമസ് ഐസക്കും ഉയർത്തുന്നത് നിയമപ്രശ്നങ്ങളാണ്. സാക്ഷിയായാണ് വിളിപ്പിച്ചതെന്ന് പറയുമ്പോഴും തോമസ് ഐസക്കിന്‍റെയും കുടുംബത്തിന്‍റെയും ആസ്തി വിവരങ്ങളും പത്ത് വർഷത്തെ ബാങ്ക് വിവരങ്ങളും ഇഡി തേടിയിട്ടുണ്ടെന്നാണ് ഐസക്കിന്‍റെ ആക്ഷേപം. കിഫ്ബിയിൽ മസാല ബോണ്ടിൽ വിവരങ്ങൾ തേടുക എന്നതിനപ്പുറം തന്‍റെ സൂക്ഷമമായ സാമ്പത്തിക വിവരങ്ങൾ പ്രാഥമിക ഘട്ടത്തിൽ ഇഡി തേടുന്നതും ഐസക്ക് എതിർക്കുന്നു.
ചെയ്ത കുറ്റം എന്താണെന്ന് വ്യക്തമാക്കാതെ നടത്തുന്ന അന്വേഷണങ്ങൾക്കെതിരായ മുൻ സുപ്രീംകോടതി ഉത്തരവുകളും ഉയർത്തിയാണ് ഐസക്കിന്‍റെ പ്രതിരോധം. എന്നാൽ അന്വേഷണ ഏജൻസിയായ ഇഡിക്ക് സംശയകരമായി തോന്നിയാൽ സെക്ഷൻ 37(1) പ്രകാരം നടപടി സ്വീകരിക്കാം. ഇതാണ് ഐസക്കിന്‍റെ ഹർജി ഹൈക്കോടതിയിൽ എത്തിയപ്പോഴും ഇഡിക്ക് ആനുകൂല്യമാകുന്നത്.
കള്ളപ്പണ നിരോധന നിയമ പ്രകാരമുള്ള സവിശേഷ അധികാരങ്ങൾ ഫെമാ കേസിൽ ഉപയോഗിക്കാൻ ഇഡിക്ക് ആകുമോ എന്നതിലും ചർച്ചകളുയരുന്നു. മസാല ബോണ്ടിറക്കി കൂടുതൽ പലിശക്ക് വിദേശ വായ്പ നേടിയെടുത്തും ഇത് വിനിയോഗിച്ചതുമാണ് നിലവിൽ കിഫ്ബിയെ അന്വേഷണ നിഴലിൽ നിർത്തുന്നത്. എന്നാൽ മസാല ബോണ്ട് ഇറക്കാൻ കിഫ്ബിക്ക് റിസർവ് ബാങ്ക് അനുമതിയുണ്ട്. ധനവിനിയോഗത്തിൽ ഓരോ മാസവും റിസർവ് ബാങ്കിന് റിപ്പോർട്ട് നൽകുന്നുവെന്നും കിഫ്ബി അവകാശപ്പെടുന്നു. റിസർവ് ബാങ്ക് ഉയർത്താത്ത ക്രമക്കേട് ഇഡി ഉയർത്തുന്നതിനെയും കിഫ്ബി ചോദ്യംചെയ്യുന്നു.