ധീരജ് വധക്കേസ്; പുതിയ സ്‍പെഷ്യൽ പ്രോസിക്യൂട്ടർ ചാർജ് എടുത്തു

ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ സ്‍പെഷ്യൽ പ്രോസിക്യൂട്ടർ പ്രിയദര്‍ശൻ തമ്പിയുമായി കൂടിക്കാഴ്ച നടത്തി,

Dheeraj murder case A new special prosecutor took charge

ഇടുക്കി: ഇടുക്കി എൻജിനീയറിം​ഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പുതിയ സ്‍പെഷ്യൽ പ്രോസിക്യൂട്ടർ ചാർജ് എടുത്തു. മുതിർന്ന അഭിഭാഷകൻ പ്രിയദർശൻ തമ്പിയാണ് ചാർജ് എടുത്തത്. ആദ്യം അഡ്വ. സുരേഷ് ബാബു തോമസിനെയാണ് സ്‍പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം അസുഖ ബാധിതനായതോടെയാണ് പ്രിയദര്‍ശൻ തമ്പിയെ നിയമിച്ചത്. 

കേസില്‍ ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കാനുണ്ട്. അത് എത്രയും വേഗം ലഭിക്കാനുള്ള ഇടപെടല്‍ കോടതി നടത്തുന്നുണ്ടെന്നും അതിക്രൂരമായ കൊലപാതകമാണ് ധീരജിന്റേതെന്നും പ്രിയദര്‍ശൻ തമ്പി പറഞ്ഞു. ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ പ്രിയദര്‍ശൻ തമ്പിയുമായി കൂടിക്കാഴ്ച നടത്തി. സിപിഐ എം ജില്ലാ സെക്രട്ടിറി സി വി വര്‍ഗീസും മറ്റ് നേതാക്കന്മാരും ഒപ്പമുണ്ടായിരുന്നു. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷവാങ്ങി കൊടുക്കാൻ സിപിഐ എം ഏതറ്റംവരെയും പോകുമെന്ന് സി വി വര്‍ഗീസ് പറഞ്ഞു.

സാക്ഷി വിസ്‍താരം ഷെഡ്യൂൾ ചെയ്യാൻ ജനുവരി 13ന് കേസ് കോടതി വീണ്ടും പരിഗണിക്കും. കേസിൽ എട്ട് പ്രതികളാണ് ഉള്ളത്. അഞ്ചും എട്ടും പ്രതികള്‍ ഒഴികെ മറ്റെല്ലാവരും തിങ്കളാഴ്ച ഹാജരായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സംഘം ചേരൽ, കൊലപാതകം, വധശ്രമം, മർദ്ദനം, തെളിവ് നശിപ്പിക്കൽ, ആയുധം ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരവും കേസുണ്ട്. ധീരജിനൊപ്പം ആക്രമിക്കപ്പെട്ട അഭിജിത്തും അമലും ഉൾപ്പെടെ 159 സാക്ഷികളെ വിസ്തരിക്കുന്നതോടൊപ്പം 5000ത്തോളം പേജുകളുള്ള രേഖകളും കോടതി പരിശോധിക്കും.

READ MORE: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; കേരള നിയമസഭയുടെ കാലാവധി കുറയ്ക്കേണ്ടി വരും, അവസാന നീക്കങ്ങളിലേയ്ക്ക് കേന്ദ്രം

Latest Videos
Follow Us:
Download App:
  • android
  • ios