ക്വാറന്‍റൈന്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് തടയും; കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി

ക്വാറന്‍റൈന്‍ ഒഴിവാക്കാനുള്ള ഇത്തരം ശ്രമങ്ങളെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. റെയില്‍വെ അധികൃതരുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി, കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ.ജി, ട്രാഫിക്ക് ഐജി എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

dgp says will be strict action against who violate covid quarantine guidelines

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് ട്രെയിന്‍ മാര്‍ഗ്ഗം എത്തുന്നവർ ക്വാറന്റൈൻ ഒഴിവാക്കാൻ ശ്രമിക്കുന്നത് തടയുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇങ്ങനെയെത്തുന്നവരിൽ ചിലര്‍ ഏതാനും സ്റ്റേഷനുകള്‍ക്ക് മുമ്പ് യാത്ര അവസാനിപ്പിച്ച് മറ്റ് വാഹനങ്ങളില്‍ വീടുകളിലേയ്ക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് തടയാൻ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്വാറന്‍റൈന്‍ ഒഴിവാക്കാനുള്ള ഇത്തരം ശ്രമങ്ങളെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. റെയില്‍വെ അധികൃതരുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി, കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ.ജി, ട്രാഫിക്ക് ഐജി എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിവിധ മാര്‍ഗ്ഗങ്ങളിലൂടെ കേരളത്തില്‍ എത്തുന്നവര്‍ ക്വാറന്‍റൈനില്‍ കഴിയാനായി നേരെ വീടുകളിലേയ്ക്ക് പോകുന്നതിനു പകരം വഴിമധ്യേ മറ്റ് പല സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അങ്ങനെ എത്തുന്നവര്‍ വഴിയില്‍ മറ്റെങ്ങും പോകാതെ നേരെ വീടുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി ഹൈവേ പോലീസ്, കണ്‍ട്രോള്‍ റൂം, പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ വാഹനങ്ങള്‍ ഉപയോഗിക്കാം. 

മറ്റ് സംസ്ഥാനങ്ങില്‍ നിന്ന് റോഡ് മാര്‍ഗ്ഗം എത്തുന്നവരും നേരെ വീടുകളിലേയ്ക്കാണ് പോകുന്നതെന്ന് ഉറപ്പാക്കണം. ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ പൊലീസ് വോളന്‍റിയര്‍മാരുടെ സേവനം വിനിയോഗിക്കും. ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇ-വിദ്യാരംഭം പദ്ധതിപ്രകാരം സഹായം എത്തിക്കുന്നതിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഡിജിപി അറിയിച്ചു.

ദീര്‍ഘദൂര ട്രെയിനുകളില്‍ വന്നിറങ്ങുന്നവര്‍ കൊവിഡ് പരിശോധകരുടെ കണ്ണ് വെട്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.  ഇത്തരം നടപടികള്‍ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. അവര്‍ തോല്‍പ്പിക്കുന്നത് പരിശോധനാ സംവിധാനത്തെയല്ല. സ്വന്തം സഹോദരങ്ങളെ തന്നെയാണ്. അതില്‍ ഒരാള്‍ക്കെങ്കിലും രോഗബാധയുണ്ടെങ്കില്‍ സമൂഹം അതിനു വലിയ വില കൊടുക്കേണ്ടിവരും.

പത്തനംതിട്ട ജില്ലയിലെ ഹൃദ്രോഗ ആശുപത്രിയില്‍ എത്തിയ വനിത ബാംഗളൂരില്‍ നിന്ന് വന്നതാണ് എന്ന കാര്യം മറച്ചു വെച്ചു. ആന്‍ജിയോ പ്ലാസ്റ്റിക്ക് ശേഷം അവര്‍ മരണമടഞ്ഞു. അതിനു ശേഷമാണ് യാത്രയുടെയും മറ്റും വിവരം ആശുപത്രി അധികൃതര്‍ അരിഞ്ഞത്.

അതോടെ ആശുപത്രി ഒന്നടങ്കം പ്രതിസന്ധിയിലായി. രണ്ടു ദിവസത്തിനു ശേഷം കോവിഡ് നെഗറ്റീവാണ് എന്ന് സ്ഥിരീകരിച്ചപ്പോഴാണ് ആശ്വാസമായത്. ഉന്നത വിദ്യാഭ്യാസമൊക്കെയുള്ള കുടുംബമായിട്ടും  ഇങ്ങനെ മറച്ചുവെക്കാനുള്ള പ്രവണത കാണിച്ചത് ശരിയല്ല. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നമ്പര്‍ പോലും സേവ്  ചെയ്യാന്‍ തയാറാകാത്ത ആളുകള്‍ ഉണ്ട് എന്നാണു പറയുന്നത്.

അതേസമയം തന്നെ ഇങ്ങനെ എത്തിച്ചേരുന്ന ആളുകളെ കണ്ടെത്തി അവര്‍ക്കുവേണ്ട നിര്‍ദേശം നല്‍കാനും ആവശ്യമെങ്കില്‍ ആശുപത്രിയിലെത്തിക്കാനും നിരീക്ഷിക്കാനുമുള്ള ജാഗ്രത പ്രാദേശികതലത്തില്‍ കൈവിട്ടുപോകാനും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios