'എല്ലാ മീറ്റിങ്ങും മാറ്റി വെച്ച് അദ്ദേഹം എന്നെ കേട്ടു; തലസ്ഥാനത്ത് വഴിയരികിൽ വീൽച്ചെയറിലിരുന്ന് മോനു വിതുമ്പി
അതിലൊരാളാണ് വഴിയരികിൽ കാത്തുനിന്ന കേശവദാസ് പുരം സ്വദേശിയായ ഭിന്ന ശേഷിക്കാരനായ മോനു. മോനുവിനുമുണ്ട് ഉമ്മൻചാണ്ടിയെക്കുറിച്ചുള്ള നല്ലയോർമ്മകൾ.
തിരുവനന്തപുരം: പുതുപ്പള്ളി ഹൗസിൽ നിന്ന് പുതുപ്പള്ളിയിലേക്കുള്ള ഉമ്മൻചാണ്ടിയുടെ അന്ത്യയാത്രക്ക് തലസ്ഥാന നഗരി സാക്ഷ്യം വഹിക്കുകയാണ്. വഴിയരികിൽ നിരവധി പേരാണ് കണ്ണീരോടെ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്കു കാണാൻ കാത്തുനിൽക്കുന്നത്. ഉമ്മൻചാണ്ടിയെന്ന നേതാവിൽ നിന്ന് പലപ്പോഴായി ജീവിതത്തിലുണ്ടായ നല്ല നിമിഷങ്ങളെ ഒട്ടേറെ പേർ പങ്കുവെക്കുന്നുണ്ട്. അതിലൊരാളാണ് വഴിയരികിൽ കാത്തുനിന്ന കേശവദാസ് പുരം സ്വദേശിയായ ഭിന്ന ശേഷിക്കാരനായ മോനു. മോനുവിനുമുണ്ട് ഉമ്മൻചാണ്ടിയെക്കുറിച്ചുള്ള നല്ലയോർമ്മകൾ.
ലോഫ്ലോർ ബസ്സിലേക്ക് കയറാൻ വീൽച്ചെയർ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിൽ ഉമ്മൻചാണ്ടിയെ കാണാൻ പോയതെന്ന് മോനു പറയുന്നു. അന്നേരം തന്നെ കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥരെയെല്ലാം വിളിച്ച് ഇതെങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഉമ്മൻചാണ്ടി ചോദിക്കുകായിരുന്നു. അന്നേരമാണ് ലോ ഫ്ലോർ ബസ്സുകളിൽ പിറകുവശത്ത് റാംപ് ഫെസിലിറ്റി ഉണ്ടെന്ന് അറിയുന്നത്. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ആർക്കുമറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ അവിടെ സ്റ്റിക്കറൊട്ടിക്കണം. ആളുകൾക്ക് മനസ്സിലാവുന്ന തരത്തിൽ പ്ലേസ് ചെയ്യണമെന്നും ഉമ്മൻചാണ്ടി ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു.
റാംപ് തുറന്നുകൊടുക്കണമെന്ന് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ തനിക്ക് ഉത്തരവ് ലഭിച്ചെന്നും മൂന്നു മാസത്തിനകം അത് ശരിയായി ലഭിച്ചെന്നും മോനു പറയുന്നു. സാറിനെ കാണുന്ന സമയത്ത് മറ്റൊരു മീറ്റിംഗിന് പോകാൻ നിൽക്കുകയായിരുന്നു. എന്നാലത് റദ്ദാക്കിയാണ് തനിക്ക് വേണ്ടി ഒരുമണിക്കൂർ മാറ്റിവെച്ചായിരുന്നു തീരുമാനമെടുത്തത്. അദ്ദേഹത്തിന്റെ ആ പ്രവൃത്തി വല്ലാതെ സന്തോഷം നൽകിയെന്നും എന്നാൽ റാംപ് വീണ്ടും അടച്ചു പൂട്ടിയെന്നാണ് ഇപ്പോൾ അറിയുന്നതെന്നും മോനു പറയുന്നു.
https://www.youtube.com/watch?v=WuZS-O_oaho