ശോഭയ്ക്കെതിരെ നൽകിയ മാനനഷ്ട കേസിലെ മജിസ്ട്രേറ്റ് കോടതി നടപടിയിൽ ഹൈക്കോടതി ഇടപെടണം, ഹര്‍ജി നൽകി ഇപി ജയരാജൻ
ശോഭാ സുരേന്ദ്രനെ ദില്ലിയില്‍ ലളിത് ഹോട്ടലില്‍ വച്ച് കണ്ട് ഇക്കാര്യം സംസാരിച്ച് ഉറപ്പിച്ചുവെന്നും പിന്നീട് പിന്‍മാറിയെന്നും ആയിരുന്നു ശോഭാ സുരേന്ദ്രന്റെ പരസ്യ പ്രസ്താവന.
കണ്ണൂര്‍: ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെ ശോഭാ സുരേന്ദ്രനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നടപടി വൈകുന്നതിനെതിരെ ഇപി ജയരാജന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇ പി ജയരാജൻ ബിജെപി യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിലായിരുന്നു മാനനഷ്ട കേസ് ഫയൽ ചെയ്തത്. ഇപി ജയരാജന്‍ ബിജെപിയിൽ ചേരാന്‍ ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും ദല്ലാള്‍ നന്ദകുമാര്‍ എന്നയാളുമായി ശോഭാ സുരേന്ദ്രനെ ദില്ലിയില്‍ ലളിത് ഹോട്ടലില്‍ വച്ച് കണ്ട് ഇക്കാര്യം സംസാരിച്ച് ഉറപ്പിച്ചുവെന്നും പിന്നീട് പിന്‍മാറിയെന്നും ആയിരുന്നു ശോഭാ സുരേന്ദ്രന്റെ പരസ്യ പ്രസ്താവന.
പിന്നാലെ, തന്നെയും പാർട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയെന്നും കാണിച്ച് ഇപി. ജയരാജന്‍ ജൂൺ 15ന് നൽകിയ നല്‍കിയ ഹര്‍ജി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടി ഡിസംബര്‍ മാസത്തിലേയ്ക്ക് കേസ് ദീര്‍ഘമായി നീട്ടി അവധിക്ക് വച്ച മജിസ്ട്രേട്ട് കോടതിയുടെ നടപടി തന്റെ കേസിന്റെ നടത്തിപ്പിന് കാലതാമസവും അതുമൂലം തനിക്ക് അപരിഹാര്യമായ കഷ്ട നഷ്ടങ്ങളും ഉണ്ടാകുന്നുവെന്നും കാണിച്ചാണ് ഇപി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അടുത്ത ഒരു ദിവസത്തേയ്ക്ക് വച്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി കേസിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മജിസ്ട്രേട്ടു കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
സംഭവത്തിൽ ശോഭാസുരേന്ദ്രന് പുറമെ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മറ്റിയംഗവുമായ ഇ പി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചിച്ചിരുന്നു. ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കാത്ത പക്ഷം, സിവിൽ–-ക്രിമിനൽ നിയമ നടപടികൾക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. എം രാജഗോപാലൻ നായർ മുഖേന ഇ പി നോട്ടീസ് അയച്ചത്.
വിവിധ പത്രങ്ങളിലും വാർത്താ ചാനലുകളിലും നൽകിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും ഇവർ ഇ പി ജയരാജനെതിരെ അപവാദം പ്രചരിപ്പിക്കുകയാണ് ചെയ്തത്. വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആരോപിക്കുക വഴി ഇ പി യെ മാത്രമല്ല പാർട്ടിയേയും നേതാക്കളേയും അധിക്ഷേപിച്ചിരിക്കുകയാണ്. ഇ പി ജയരാജൻ ബിജെപി യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണ്. കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് ഇ പി. അദ്ദേഹത്തിന്റെ പാർട്ടി കൂറും പ്രത്യയശാസ്‌ത്രത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാവാത്തതാണ്. 1995 ഏപ്രിലിൽ രണ്ട് ബിജെപി ക്കാരാണ് ട്രെയിൽ വച്ച് ഇ പി യെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
അങ്ങിനെയുള്ള ഒരു നേതാവിനെതിരെ, തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങൾ ഉന്നയിച്ചത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്. ഉപതെരഞ്ഞെടുപ്പ് സമയത്തടക്കം മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ട്. ഒരു വർഷം മുൻപ് നടന്ന സംഭവം ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്‌ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.