'അനന്യയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചു'; മെച്ചപ്പെട്ട ചികിത്സ ലഭിച്ചില്ലെന്നും അച്ഛന്‍ അലക്സാണ്ടര്‍
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെത്തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നം നേരിടുകയാണെന്ന് അനന്യ വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ റെനെ മെഡിസിറ്റിയിൽ നിന്ന് അനന്യയ്ക്ക് മർദ്ദനമേറ്റിരുന്നതായി പിതാവ് അലക്സാണ്ടർ. ലിംഗമാറ്റ ശാസ്ത്രക്രീയക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. ചികിത്സാപിഴവ് ഉണ്ടായെന്ന പരാതിക്ക് പിന്നാലെയാണ് അനന്യയ്ക്ക് ഹോസ്പിറ്റലിൽ നിന്ന് മർദ്ദനമേറ്റിരുന്നതായി പിതാവ് അലക്സാണ്ടർ പറയുന്നത്. വേദനകൊണ്ട് പിടഞ്ഞപ്പോൾ പോലും ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടിട്ട് കിട്ടിയില്ല. നിങ്ങളെന്നെ പരീക്ഷണ വസ്തുവാക്കുകയാണോ എന്ന് അനന്യ ചോദിച്ചിരുന്നെന്നും അലക്സാണ്ടർ പറഞ്ഞു.
ചികിത്സാച്ചെലവ് എന്ന നിലയിൽ കൊള്ള ഫീസ് ആണ് റിനൈ മെഡിസിറ്റി ഹോസ്പിറ്റൽ ഈടാക്കിയെന്ന് കാണിച്ച് കമീഷണർക്ക് പരാതി നൽകാനൊരുങ്ങുകയാണ് അലക്സാണ്ടർ. അനന്യയുടെ പരിശോധനാ റിപ്പോർട്ടുകൾ പുറത്ത് വരുന്നതുവരെ റിനൈ മെഡിസിറ്റി ഹോസ്പിറ്റലിലെ ലിംഗമാറ്റ ശസ്ത്രക്രിയകൾ നിർത്തിവെക്കണമെന്നും അനന്യയുടെ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. ചികിത്സാപിഴവ് ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് അനന്യയുടെ കുടുംബവും സുഹൃത്തുക്കളും ആവശ്യപ്പെടുന്നത്. അതേസമയം അനന്യ സർജറിക്ക് ശേഷം വ്യക്തിശുചിത്വം പാലിച്ചില്ലെന്നുള്ള, അനന്യയെ അപഹസിച്ചുള്ള മറുപടിയാണ് റെനെ മെഡിസിറ്റി ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്.