'വയനാട് ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതി തള്ളണം'; കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതി തള്ളണമെന്ന് മുഖ്യന്ത്രി

Debts of Wayanad disaster victims should be written off cm pinarayi vijayan demands to central government

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നുള്ള കേരളത്തിന്‍റെ ആവശ്യം വീണ്ടും കേന്ദ്ര സര്‍ക്കാരിന് മുന്നിൽ ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തെ അതി തീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ച ഔദ്യോഗിക അറിയിപ്പ് ഇക്കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. ഇന്‍റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ദുരന്തത്തെ എല്‍ 3 ആയി അംഗീകരിച്ചു എന്നാണ് കേന്ദ്ര അഭ്യന്തര ജോയിന്‍റ് സെക്രട്ടറി കത്തില്‍ പറയുന്നത്.

കേരളത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങളെ കുറിച്ചോ ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതി തള്ളുന്നതിനെ കുറിച്ചോ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും തുക ചെലവഴിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നതിനെക്കുറിച്ചോ കത്തില്‍ സൂചനകളില്ല. ആദ്യ ഘട്ടത്തില്‍ ഓഗസ്റ്റ് 17ന് ദുരിതാശ്വാസ മെമോറാണ്ടത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 3 കാര്യങ്ങള്‍ ആണ്:

1. മേപ്പാടി ദുരന്തത്തെ അതി തീവ്ര ദുരന്തം (എല്‍3) ആയി പ്രഖ്യാപിക്കുക.

2. 1202.1 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതിനാല്‍ ദുരിതാശ്വാസത്തിനായി അടിയന്തിര സഹായമായി 219 കോടി രൂപ നല്‍കുക.

3. ദുരന്ത നിവാരണ നിയമത്തിന്‍റെ സെക്ഷന്‍ 13 പ്രകാരം ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളുക.

രണ്ടാം ഘട്ടത്തില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നവംബര്‍ 13ന് നല്‍കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്‍റ് (പി.ഡി.എന്‍.എ) റിപ്പോര്‍ട്ടില്‍ പുനര്‍ നിര്‍മ്മാണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 2221 കോടി രൂപ വേണ്ടി വരും എന്ന് കണക്കാക്കുന്നു. ഈ ആവശ്യം പരിഗണിച്ച് ദേശീയ ദുരന്ത പ്രതികരണ നിധിയുടെ (എന്‍.ഡി.ആര്‍.എഫ്) പുതിയ സ്കീം ആയ റിക്കവറി ആന്‍റ് റീകണ്‍സ്ട്രക്ഷന്‍ വിന്‍ഡോ പ്രകാരം പരമാവധി സഹായം നൽകണമെന്നാണ് കേരളത്തിന്‍റെ ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തം ഉണ്ടായി ഒരു മാസത്തിനുള്ളില്‍ തന്നെ കേരളത്തിന്‍റെ ആദ്യ ആവശ്യം സംബന്ധിച്ച് ഇന്‍റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം പരിശോധിച്ച് ഈ ദുരന്തം ഒരു അതി തീവ്ര ദുരന്തം ആണ് എന്ന് കണ്ടെത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. ഹൈ ലെവല്‍ കമ്മിറ്റി കൂടാത്തതിനാല്‍ അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കേണ്ട ഈ ശുപാര്‍ശ രണ്ട് മാസം വെളിച്ചം കണ്ടില്ല. 

ഹൈ ലെവല്‍ കമ്മിറ്റി യോഗ ശേഷം സംസ്ഥാനത്തിന് അയക്കുന്ന കത്ത് പോലും ഡിസംബര്‍ മാസത്തില്‍ ആണ് നല്‍കിയത്. പ്രസ്തുത കത്തിലും അതിതീവ്ര ദുരന്തം ആണോ എന്ന് രേഖപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍, സംസ്ഥാനത്തിന്‍റെ നിരന്തര സമ്മര്‍ദത്തിന് ഒടുവില്‍, ഇക്കഴിഞ്ഞ ദിവസം മാത്രമാണ് മേപ്പാടി ദുരന്തം ഒരു അതി തീവ്ര ദുരന്തമാണ് എന്ന് കേന്ദ്രം അംഗീകരിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. 

ദുരന്തം ഉണ്ടായി 2 മാസത്തിനുള്ളില്‍ ഈ അറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ യുഎന്‍ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍ എന്നിവരില്‍ നിന്നും ചില അധിക സാമൂഹിക സഹായം ലഭ്യമാക്കുവാന്‍ സാധിക്കുമായിരുന്നു. പക്ഷേ, രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും മേപ്പാടിക്കു ശേഷം ദുരന്തം ഉണ്ടായ സഹചര്യത്തില്‍ ഇത് ഇനി എത്ര കണ്ട് ലഭിക്കുമെന്നറിയില്ല. ആ ഒരു അവസരമാണ് ഈ കാലതാമസത്തിലൂടെ നഷ്ടമായത്. പക്ഷെ തുടർന്നും ശ്രമം നടത്തും. 

ഈ കത്തിലൂടെ കേരളത്തിന്‍റെ പ്രാഥമിക ആവശ്യം അംഗീകരിച്ചതിനാല്‍ തുറന്നു കിട്ടുന്ന അവസരങ്ങള്‍ സംസ്ഥാനം വിനിയോഗിക്കും

1.  കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ 25 ശതമാനം വരെ ദുരന്ത നിവാരണത്തിന് വിനിയോഗിക്കാനുള്ള സാധ്യത പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും. 

2. എസ്.എ.എസ്.സി.ഐ (സ്കീം ഫോര്‍ സ്പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ് ഫോര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്‍റ്) പദ്ധതി വഴി ഇത് വരെ ഈ വര്‍ഷം  കേരളത്തിന് ലഭിച്ച തുകയുടെ 50 ശതമാനം അധികമായി ദുരന്ത നിവരണത്തിനും, ദുരന്ത ബാധിത മേഖലയിലെ പുനര്‍ നിര്‍മ്മാണത്തിനും ആവശ്യപ്പെടാം.

3. എം.പി ലീഡ്സ്:  രാജ്യത്തെ മുഴുവന്‍ എം.പി മാരോടും മേപ്പാടി പുനര്‍ നിര്‍മ്മാണത്തിന് തുക അനുവദിക്കണം എന്ന് അഭ്യര്‍ഥിക്കാം.

ഈ അവസരങ്ങളൊക്കെയും ഫലപ്രദമായി സര്‍ക്കാര്‍ ഉപയോഗിക്കുക തന്നെ ചെയ്യും.

കോടതിയും, കേരള സര്‍ക്കാരും നിരന്തരം ആവശ്യപ്പെട്ടപ്പോഴാണ്, ഉന്നതതല കമ്മറ്റി കൂടി 153 കോടി രൂപ അടിയന്തിര സഹായം ആയി അനുവദിച്ചുവെങ്കിലും കേരളത്തില്‍ എസ്.ഡി.ആര്‍.എഫ് ല്‍  തുക ലഭ്യമായതിനാല്‍ അധിക സഹായം നല്‍കില്ല എന്ന നിലപാട് ആണ് കേന്ദ്രം സ്വീകരിച്ചത്. ബഹു. ഹൈക്കോടതി പോലും ഇത് ശരിയല്ല എന്ന് കണ്ട് ചില ശുപാര്‍ശകള്‍ കേന്ദ്രത്തിന് മുന്നില്‍ പരിഗണയ്ക്കായി നല്‍കിയിരിക്കുകയാണ്.

നമ്മള്‍ ഉന്നയിച്ചിട്ടുള്ള ഏറ്റവും പ്രധാന ആവശ്യവും, സമൂഹത്തിനു ഏറ്റവും ആശ്വാസം നല്‍കുന്നതുമായ കാര്യം ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളുക എന്നതാണ്. 2005ല്‍ പാര്‍ലമെന്‍റ് പാസാക്കിയ ദുരന്ത നിവാരണ നിയമത്തില്‍ സെക്ഷന്‍ 13 ലൂടെ ഇത്തരം ഒരു സാധ്യത ഉള്ളപ്പോഴും കേന്ദ്ര സര്‍ക്കാര്‍, ദുരന്ത ബാധിതരുടെ കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയാണ്.

വയനാട് രാജ്യത്തെ 112 ആസ്പിറേഷനല്‍  ജില്ലകളില്‍ ഒന്നാണ്. സാമൂഹികസാമ്പത്തിക പിന്നാക്കാവസ്ഥയില്‍ ഉള്ള ജില്ല എന്നു കേന്ദ്ര സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടുള്ള വയനാട് ജില്ലയില്‍ അതി തീവ്രമായ ഒരു ദുരന്തം ഉണ്ടായിട്ടും, ദുരന്തം ബാധിച്ച ജനങ്ങളുടെ കടങ്ങള്‍ എഴുതി തള്ളുക എന്ന പ്രാഥമികവും മനുഷ്യത്വപരവുമായ നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.

സെക്ഷന്‍ 13ന്‍റെ നിയമപരമായ സാധ്യത വിനിയോഗിച്ച് ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ കേന്ദ്രം തയ്യാറാകണം എന്നതാണ് കാതലായ വിഷയം. ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളണം എന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോഗം പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ ചേരണം എന്നാണ് സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ ആവര്‍ത്തിച്ചാവശ്യപ്പെടാനുള്ളത്. 

അസ്വസ്ഥതയുള്ള കാലാവസ്ഥ, സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; മുന്നറിയിപ്പ്, നിർദേശങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios