എസ്ഒജി വിനീതിന്‍റെ മരണം; 'കമാൻഡോ പരിശീലനം വ്യക്തികേന്ദ്രീകൃത പീഡനമാകുന്നു', കേരള പൊലീസ് അസോസിയേഷൻ പ്രമേയം

എസ്ഒജി കമാന്‍ഡോ വിനീതിന്‍റെ ആത്മഹത്യയിൽ പ്രമേയവുമായി കേരള പൊലീസ് അസോസിയേഷൻ. ഉന്നത ഉദ്യോഗസ്ഥരുടെ മനോനില അനുസരിച്ചാണ് കമാന്‍ഡോ പരിശീലനമെന്നും വ്യക്തികേന്ദ്രീകൃത പീഡനമായി ഇത് പലപ്പോഴും മാറുന്നുവെന്നും പ്രമേയം

death of sog commando Vineeth kerala police association state committee resolution against higher police officers

തിരുവനന്തപുരം: എസ്ഒജി കമാന്‍ഡോ വിനീതിന്‍റെ ആത്മഹത്യയിൽ പ്രമേയവുമായി കേരള പൊലീസ് അസോസിയേഷൻ. മേലുദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതവും ക്രൂരവുമായ നടപടികൾ കീഴുദ്യോഗസ്ഥരിൽ അടിച്ചേൽപ്പിച്ചതിന്‍റെ ബാക്കിപത്രമാണ് വിനീതിന്‍റെ ആത്മഹത്യയെന്ന് കേരള പൊലീസ് അസോസിയേഷൻ പ്രമേയത്തിൽ ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ മനോനില അനുസരിച്ചാണ് കമാന്‍ഡോ പരിശീലനമെന്നും വ്യക്തികേന്ദ്രീകൃത പീഡനമായി ഇത് പലപ്പോഴും മാറുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.

ഇതിന് പരിഹമാരമായി ഉപരിപ്ലവമായ നടപടികൾ മതിയാവില്ല. മുഴുവൻ ആരോപണങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ പ്രമേയത്തിൽ പറയുന്നു. തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഉള്ള ജനാധിപത്യവേദി പോലും എസ്ഒജി കമാൻഡോകൾക്ക് നിഷേധിക്കപ്പെടുന്നത് അപമാനകരമാണെന്നും പ്രമേയത്തിൽ പറഞ്ഞു.

മലപ്പുറത്ത് അരീക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പിലെ ഹവിൽദാര്‍ സി വിനീതിന്‍റെ ആത്മഹത്യ ദാരുണവും പൊലീസ് സേനയെ മാത്രമല്ല സമൂഹ മനസാക്ഷിയാകെ വേദനിപ്പിക്കുന്നതും ആശങ്ക ഉണര്‍ത്തുന്നതുമാണ്. തൊഴിൽ മേഖലയിലെ സമ്മര്‍ദത്തിന് അടിമപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുക എന്നത് അത്യന്തം അപകടകരമായ അരക്ഷിത ബോധം സേനയിലാകെ പടരുന്നതിന് കാരണമാകും.

സൈനിക വിഭാഗം എന്ന നിലയിൽ മറ്റ് തൊഴിൽ വിഭാഗങ്ങളെ അപേക്ഷിച്ച് സമ്മര്‍ദഭരിതമായ ഒരു  സാഹചര്യം തൊഴിൽ മേഖലയിൽ ഉണ്ടാകുന്നത് സ്വഭാവികമാണ്. എന്നിരുന്നാലും  സവിശേഷമായ ശാരീരികവും മാനസികവുമായ ശേഷി പരിശീലനത്തിലൂടെ ആര്‍ജിച്ച ഒരു പൊലീസ് കമാന്‍ഡോയുടെ ആത്മഹത്യയെ ലളിതമായ നിലയിൽ നോക്കി കാണുന്നത് ആത്മഹത്യപരമായിരിക്കുമെന്നും പ്രമേയത്തിൽ വ്യക്തമാക്കി.

അതേസമയം, എസ്ഒജി കമാന്‍ഡോ വിനീതിന്‍റെ മരണത്തിൽ വീട്ടുകാരുടെ മൊഴി അന്വേഷണ സംഘമെടുത്തു. വിനീതിന്‍റെ വയനാട് കോട്ടത്തറ തെക്കുംതറയിലെ വീട്ടിൽ എത്തിയാണ് മൊഴി എടുത്തത്. വിനീത് ഒടുവിൽ നാട്ടിൽ വന്നപ്പോൾ ഉള്ള വിവരങ്ങൾ പ്രത്യേകം ചോദിച്ചറിഞ്ഞു. വാട്സ്ആപ്പ് സന്ദേശം സംബന്ധിച്ച വിവരങ്ങളും തേടി. മൊഴികൾ പരിശോധിച്ച് തുടർനടപടിയുണ്ടാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

എസ്ഒജി വിനീതിന്റെ ആത്മഹത്യ; ആരോപണവിധേയനായ അസി. കമാൻഡന്റ് അജിതിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ

'ഭാര്യ ആശുപത്രിയിലായിട്ടും അവധി നല്‍കിയില്ല, ബുദ്ധിമുട്ടിച്ചു'; പരാതി നല്‍കുമെന്ന് വിനീതിന്‍റെ കുടുംബം

എസി അജിത്തിന് വിനീതിനോട് വൈരാഗ്യം, സുഹൃത്തിൻ്റെ മരണം ചോദ്യം ചെയ്തത് കാരണമായി; സഹപ്രവർത്തകരുടെ മൊഴി പുറത്ത്

 

Latest Videos
Follow Us:
Download App:
  • android
  • ios