ദേവികയുടെ മരണം: വിദ്യാഭ്യാസ വകുപ്പിനും അധ്യാപകർക്കും വീഴ്ചയില്ലെന്ന് ഡിഡിഇ
ക്ലാസ് അധ്യാപകൻ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ചു സംസാരിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍
മലപ്പുറം: സ്കൂള്‍ വിദ്യാര്‍ഥിനി ദേവികയുടെ മരണത്തില്‍ മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കോ സ്ക്കൂളിലെ അധ്യാപകർക്കോ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. ക്ലാസ് അധ്യാപകൻ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ചു സംസാരിച്ചിരുന്നു. അഞ്ചാം തിയ്യതിക്കകം സ്കൂളിൽ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാര്‍ത്ഥിനിയെ അറിയിച്ചിരുന്നെന്നും ഡിഡിഇയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദേവികയുടെ മൃതദേഹം സംസ്കരിച്ചു, സഹോദരിയുടെ പഠന ചെലവും സുരക്ഷിത ഭവനവും ഉറപ്പുനൽകി യൂത്ത് കോൺഗ്രസ്
വളാഞ്ചേരിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലാണെന്നും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം മകൾ പങ്കുവെച്ചിരുന്നതായും രക്ഷിതാക്കൾ വ്യക്തമാക്കിയിരുന്നു.
പണം ഇല്ലാത്തതിനാൽ കേടായ ടിവി നന്നാക്കാൻ കഴിയാഞ്ഞതും സ്‍മാര്‍ട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നതായും മാതാപിതാക്കള്‍ പറയുന്നു. ദേവികയുടെ മരണം ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരിക പരിക്കുകൾ കണ്ടെത്തിയിട്ടില്ല. ബല പ്രയോഗത്തിന്റെ ലക്ഷണങ്ങളുമില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും മലപ്പുറത്തെ അന്വേഷണ സംഘത്തിന് കൈമാറും.
അതേ സമയം ദേവികയുടെ സഹോദരിയുടെ പഠന ചെലവും ഇവർക്ക് വേണ്ട ഓൺലൈൻ പഠന ഉപകരണങ്ങളും കുടുംബത്തിന് സുരക്ഷിത ഭവനവും യൂത്ത് കോൺഗ്രസ് നൽകുമെന്ന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; ദേവികയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി