എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ മനപൂര്‍വ്വം സഹായം നിഷേധിക്കുന്നു: ദയാ ബായി

സർക്കാർ അടിയന്തിരമായി ഇടപ്പെട്ട് മെഡിക്കൽ ക്യാമ്പുകൾ നടത്തണം, എയിംസ് സാധ്യത പട്ടകയിൽ കാസർഗോഡിനെ കൂടി ഉൾപ്പെടുത്തണം, കൂടാതെ എൻഡോസൾഫാൻ ദുരിത ബാധിതരോടുള്ള സർക്കാരിന്‍റെ നിഷേധാത്മക നിലപാട് ഉപേക്ഷിക്കണമെന്നും ദയാബായി കൂട്ടിചേര്‍ത്തു. 
 

Dayabai alleged government is deliberately denying aid to endosulfan victims


തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി ശബ്ദം ഉയർത്തി ദയാ ബായി എന്ന 81 വയസുകാരിയുടെ അനിശ്ചിതകാല നിരാഹാരം 13 ദിവസം കഴിയുമ്പോഴും കണ്ണ് തുറക്കാത്തെ അധികൃതർ. പ്രായം 80 പിന്നിട്ടെങ്കിലും പൊലീസ് ഉണ്ടാക്കുന്ന അവശത അല്ലാതെ തനിക്ക് മറ്റൊരു അവശതയും ഇല്ലെന്ന് ദയാബായി ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. രാജ്യത്ത് ജനാധിപത്യം നശിച്ചെന്നും അതുകൊണ്ട് ആണ് താൻ ഇത്രയും നാളായി ഇവിടെ കിടന്നിട്ടും ഒന്നും നടക്കാത്തതെന്നും കാസര്‍കോട് ജില്ലയില്‍ ചികിത്സാ സൗകര്യം ഇല്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍ മനപൂര്‍വ്വം നിഷേധിക്കുകയാണെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു. 

കാസർകോട്‌ ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വിദഗ്ധ ചികിൽസാ സൗകര്യം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റ് പടിക്കൽ സാമൂഹ്യ പ്രവർത്തകയായ ദയാബായി എന്ന മേഴ്സി മാത്യു അനിശ്ചതകാല നിരാഹാര സമരം കിടക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതർക്കായി പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുക, മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുക, എയിംസ് പദ്ധതിയിൽ കാസർകോട് ജില്ലയെ കൂടി ഉള്‍പ്പെടുത്തുക. തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

2017 ൽ ആണ് അവസാനമായി എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തിയതെന്നും  അന്നത്തെ സർക്കാരിന്‍റെ ഉത്തരവ് അനുസരിച്ച് എല്ലാ കൊല്ലവും മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇത് ഉണ്ടായില്ലെന്നും ദയാബായി പറയുന്നു. ഇതിനാൽ 2017-ന് ശേഷം ജനിച്ച കുട്ടികൾ ആരും തന്നെ സര്‍ക്കാറിന്‍റെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നും അതിനാൽ അവർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും കിട്ടില്ലെന്നും ദയാബായി പറയുന്നു. സർക്കാർ അടിയന്തിരമായി ഇടപ്പെട്ട് മെഡിക്കൽ ക്യാമ്പുകൾ നടത്തണം, എയിംസ് സാധ്യത പട്ടകയിൽ കാസർഗോഡിനെ കൂടി ഉൾപ്പെടുത്തണം, കൂടാതെ എൻഡോസൾഫാൻ ദുരിത ബാധിതരോടുള്ള സർക്കാരിന്‍റെ നിഷേധാത്മക നിലപാട് ഉപേക്ഷിക്കണമെന്നും ദയാബായി കൂട്ടിചേര്‍ത്തു. 

നിലവില്‍ കാസര്‍കോട് ജില്ലയിലെ ഒരു ആശുപത്രിയിലും എന്‍ഡോസള്‍ഫാന്‍ ബാധിതരായ രോഗികളെ ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. ഒരു ഡേകെയര്‍ സെന്‍റര്‍ പോലുമില്ലാത്ത ജില്ലയില്‍ രോഗ ബാധിതരായ കുട്ടികളെ കൊന്ന് അമ്മമാര്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും ദയാബായി പറയുന്നു. പ്രശ്നബാധിതമായ എല്ലാ പഞ്ചായത്തിലും ഒരു ഡേകെയര്‍ സെന്‍റര്‍ ആരംഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ദയാബായിയുടെ സമരം കാണാത്തത് കൊണ്ടെല്ലെന്നും എന്നാല്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കാനുള്ള സാമ്പത്തിക ശേഷിയിലല്ല കേരളമെന്നുമായിരുന്നു ഇന്നലെ മുന്‍ ആരോഗ്യ  മന്ത്രി കെ കെ ശൈലജ പറഞ്ഞത്. 

50 വർഷത്തിലേറെ ആയി മധ്യപ്രദേശിൽ വേറിട്ട ശബ്ദമായി മാറിയ സാമൂഹിക പ്രവർത്തകയാണ് ദയാ ബായി. 1941 കോട്ടയം മീനച്ചലിൽ ജനിച്ച ദയാബായി പതിനാറാം വയസ്സില്‍ കന്യാസ്ത്രീയാകാന്‍ മോഹിച്ചാണ് ബിഹാറിൽ എത്തുന്നത്. എന്നാൽ, സഭയ്ക്കുള്ളിലെ ആഡംബര ജീവിത രീതികളിൽ മനം മടുത്ത ദയാബായി കന്യാസ്ത്രീ മോഹം ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങി. തുടർന്ന് അധ്യാപികയായും സാമൂഹിക പ്രവർത്തകയായുമൊക്കെ പ്രവർത്തിച്ച ദയാബായി ബംഗ്ലാദേശ്‌ അഭയാർത്ഥികളുടെ സേവനത്തിനായി ബംഗ്ലാദേശിലും സാമൂഹിക സേവനം അനുഷ്ഠിച്ചു. 

എം.എസ്.ഡബ്യു പരിശീലനത്തിന്‍റെ ഭാഗമായി മധ്യപ്രദേശിൽ എത്തിയ ദയാബായി പിന്നീട് അവിടുത്തെ ആദിവാസികൾക്ക് താങ്ങായി ഒപ്പം കൂടി. അവർക്കൊപ്പം ഒരാളായി മാറിയ മേഴ്സി അവരുടെ ദയാബായി ആയി മാറുകയായിരുന്നു. ആദിവാസികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ പോരാടിയ ദയാബായിയ്ക്ക് നിരവധി പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാൽ ഇതൊന്നും ദയാബായുടെ ആത്മവീര്യം തകർത്തില്ല. നിലവിൽ തനിക്ക് അവശതകളൊന്നും ഇല്ലെന്നും പൊലീസായിട്ട് ഉണ്ടാക്കി എടുക്കുന്ന അവശതകൾ മാത്രമാണ് ഉള്ളത് എന്നും ദയാബായി പറയുന്നു. 

കൂടുതല്‍ വായനയ്ക്ക് : ദയാബായിയുടെ അനിശ്ചിതകാല സമരം ഒമ്പതാം ദിവസം; ഇന്ന് കരിദിനം, സമരക്കാരെ തിരിഞ്ഞ് നോക്കാതെ സര്‍ക്കാര്‍

കൂടുതല്‍ വായനയ്ക്ക് :  എന്‍ഡോസള്‍ഫാന്‍ ദുരിതം:'ദയാബായിയുടെ സമരം സമരം അവസാന മാർഗം,സര്‍ക്കാര്‍ ചർച്ച നടത്താത്തത് അപമാനകരം' വിഡി സതീശന്‍

 

 

 

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios