ഉമ തോമസ് അപകടം: നൃത്ത പരിപാടിയിൽ പങ്കെടുത്തത് 5100 രൂപ നൽകിയെന്ന് നർത്തകി; 'സംഘാടനത്തിൽ പിഴവ് കണ്ട് പിന്മാറി'

കൊച്ചി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന നൃത്ത പരിപാടിക്കെതിരെ അതിരൂക്ഷ വിമർശനവുമായി നർത്തകി

dancer says she gave 5100 rupees to participate program at Kochi stadium in which Uma Thomas injured in accident

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഇന്നലെ നടത്തിയ പരിപാടിയിൽ പങ്കെടുത്തത് 5100 രൂപ നൽകിയാണെന്ന് നർത്തകി. രജിസ്ട്രേഷൻ ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നൽകി. പട്ടുസാരി നൽകുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയത് സാധാരണ കോട്ടൺ സാരിയാണ്. ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്താണ് ചെയ്തത്. ഗിന്നസ് റെക്കോ‍ർഡ് സ‍ർട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും എന്നാൽ സംഘാടനത്തിൽ പിഴവ് ബോധ്യപ്പെട്ടത് ഉമ തോമസിന് പരുക്കേറ്റപ്പോഴാണെന്ന് പറഞ്ഞ നർത്തകി, പിന്നീട് പരിപാടിയിൽ പങ്കെടുത്തില്ലെന്നും പറഞ്ഞു.

Read more: ഉമ തോമസിൻ്റെ അപകടം: പൊതുമരാമത്ത് വകുപ്പിനും സംഘാടകർക്കുമെതിരെ ഫയ‍ർ ഫോഴ്‌സ് റിപ്പോ‍ർട്ട്

താൻ മുൻപും റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊന്നും ഇത്രയധികം പണം ആവശ്യപ്പെട്ടിരുന്നില്ല. സംഗീതജ്ഞനായ ഭർത്താവ് പങ്കെടുത്ത പരിപാടികളിലും ഈ നിലയിൽ പണം ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ നിർബന്ധപ്രകാരമാണ് പണം കൊടുത്തത്. എന്നാൽ ഇന്നലെ നടന്ന പരിപാടിയുടെ സമയക്രമം പലപ്പോഴായി മാറ്റി. ഇതിലേക്ക് കൂടുതൽ നർത്തകരെ പങ്കെടുപ്പിക്കുന്ന നൃത്ത അധ്യാപകർക്ക്  ഗോൾഡ് കോയിൻ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവ‍ർ ആരോപിക്കുന്നു. നൃത്താധ്യാപകർ കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ എത്തിച്ചത് ഇങ്ങനെയാണെന്നും അവർ പറ‍ഞ്ഞു.

മൃദം​ഗനാദം എന്ന പേരിൽ പ്രശസ്ത നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് നൃത്ത പരിപാടി സംഘടിപ്പിച്ചത്. ഗിന്നസ് റെക്കോ‍ർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ കേരളത്തിന് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നടക്കം നർത്തകർ പങ്കെടുത്തിരുന്നു. മൃദം​ഗനാദത്തിൽ പങ്കാളികളായ ​ഗുരുക്കന്മാരുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച് വന്ന 12000 നർത്തകരാണ് നൃത്തം ചെയ്തത്. ഒരു മാസത്തോളം നീണ്ട പരിശീലനത്തിന് ഒടുവിലാണ് ഇന്നലെ പരിപാടിയിൽ നർത്തകർ പങ്കെടുത്തത്. ചലച്ചിത്ര, സീരിയൽ താരങ്ങളായ ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദം​ഗനാദത്തിൽ പങ്കാളികളായിരുന്നു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ​എട്ട് മിനിറ്റ് നീണ്ട നൃത്ത പരിപാടിയുടെ ഗാനം രചിച്ചത്. ദീപാങ്കുരന്‍ സംഗീത സംവിധാനം നി‍ർവഹിച്ച ഗാനം അനൂപ് ശങ്കറാണ് ആലപിച്ചത്. ദിവ്യ ഉണ്ണിയായിരുന്നു കൊറിയോഗ്രഫി. ലീഡ് നർത്തകിയും ദിവ്യ ഉണ്ണി തന്നെയായിരുന്നു.  മന്ത്രി സജി ചെറിയാനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 10,176 നർത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു ഇതുവരെ ​ഗിന്നസ് വേൾഡ് റെക്കോർഡ്. ഇന്നലെ ഉമ തോമസിന് പരുക്കേറ്റിട്ടും പരിപാടി മുന്നോട്ട് പോയി. ഒടുവിൽ ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കുകയും ചെയ്തു.

Read more: 12000 നർത്തകർ, 550 ​ഗുരുക്കന്മാർ, ദൈർഘ്യം 8 മിനിറ്റോളം; ഗിന്നസിൽ മുത്തമിട്ട് ദിവ്യ ഉണ്ണിയും സംഘവും

Latest Videos
Follow Us:
Download App:
  • android
  • ios