തെക്കൻ ആൻഡമാന് മുകളിൽ ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത; മഴ അവസാനിച്ചിട്ടില്ല

തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി. നാളെയോടെ ന്യൂനമർദ്ദമായി മാറി 48 മണിക്കൂറിൽ തമിഴ്നാട് തീരത്തേക്ക്.

cyclonic circulation above Andaman and possibility of one more low pressure area in bay of Bengal latest rain forecast

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിനിടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂനമർദ്ദമായി മാറി തുടർന്ന് ശക്തി പ്രാപിച്ചു 48 മണിക്കൂറിൽ തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ലക്ഷദ്വീപിന് മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ  പടിഞ്ഞാറു ദിശയിൽ  നീങ്ങി ദുർബലമാകാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ  അടുത്ത 5  ദിവസം  ഒറ്റപ്പെട്ട  ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും ഡിസംബർ 18നും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ടുള്ളത്. ഡിസംബർ 18ന് ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. 

അതിനിടെ അച്ചൻകോവിൽ നദിയുടെയും കല്ലടയാറിന്‍റെയും തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം നൽകി. അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. 

തെന്മല ഡാമിന്‍റെ ഷട്ടറുകൾ തുറന്നതിനാലാണ് കല്ലടയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശമുള്ളത്. ഇന്ന് രാവിലെ 11 മണി മുതൽ ഡാമിന്‍റെ മൂന്നു ഷട്ടറുകൾ 60 സെന്റീമീറ്റർ പടിപടിയായി ഉയർത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുകയാണ്. 

അച്ചൻകോവിൽ നദിയുടെയും കല്ലടയാറിന്‍റെയും തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios