പി ആർ പ്രവീണയ്ക്ക് എതിരായ സൈബർ ആക്രമണം: മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി കെയുഡബ്ല്യുജെ
വ്യക്തി സ്വാതന്ത്ര്യവും തൊഴിൽ സ്വാതന്ത്ര്യവും ഇല്ലാതാക്കി പ്രവീണയെ ഒറ്റപ്പെടുത്താനുള്ള നീക്കം ഏതറ്റം വരെ പോയും യൂണിയൻ ചെറുത്ത് തോൽപിക്കുമെന്ന് കെയുഡബ്ല്യുജെ വാർത്താക്കുറിപ്പ് പുറത്തിറക്കി. പ്രവീണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നെന്നും യൂണിയൻ.
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പി ആർ പ്രവീണയ്ക്ക് എതിരായ സൈബറാക്രമണത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കേരളാ പത്രപ്രവർത്തകയൂണിയൻ. പ്രവീണയ്ക്കെതിരെ നടക്കുന്നത് അത്യന്തം അപലപനീയമായ സൈബർ അഴിഞ്ഞാട്ടമാണെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പ്രവണതകളെ മാധ്യമലോകം ഒന്നിച്ച് നിന്ന് തോൽപിക്കണമെന്നും കെയുഡബ്ല്യുജെ വാർത്താക്കുറിപ്പിറക്കി. ഈ സൈബറാക്രമണത്തിന് പിന്നിലുള്ളവരെ ഏത് വിധേനയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും യൂണിയൻ വ്യക്തമാക്കി.
കെയുഡബ്ല്യുജെയുടെ പ്രസ്താവന:
സഹപ്രവർത്തകരെ,
ഏഷ്യാനെറ്റ് ന്യൂസിൽ ജോലിചെയ്യുന്ന നമ്മുടെ സഹപ്രവർത്തക പി ആർ പ്രവീണക്കെതിരെ നടക്കുന്നത് അത്യന്തം അപലപനീയമായ സൈബർ അഴിഞ്ഞാട്ടമാണ്. എല്ലാ അതിരുകളും കടന്നുള്ള ഈ ആക്രമണം കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകരും ഒന്നിച്ചു നിന്ന് എതിർക്കേണ്ടതാണ്. തൊഴിൽ ചെയ്ത് ജീവിക്കുന്നതിനെതിരെയും സ്ത്രീത്വത്തെ അപമാനിക്കും വിധത്തിലും ഈ പ്രചരണം മാറിയിട്ടുണ്ട്. പി ആർ പ്രവീണക്ക് ഒപ്പം നിലകൊണ്ട് ഇത്തരം ദുഷ്പ്രവണതകളെ ചെറുത്ത് തോൽപ്പിക്കാൻ കേരള പത്രപവർത്തക യൂണിയൻ പ്രതിജ്ഞാബദ്ധമാണ്. ഈ സാഹചര്യത്തിൽ ഇത്തരം സൈബർ ആക്രമണത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപെട്ട് മുഖ്യമന്ത്രിയെയും ഡിജിപി യെയും നേരിൽ കണ്ട് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പരാതി നൽകും. വ്യക്തി സ്വാതന്ത്ര്യവും തൊഴിൽ സ്വാതന്ത്ര്യവും ഇല്ലാതാക്കി പ്രവീണയെ ഒറ്റപ്പെടുത്താനുള്ള നീക്കം ഏതറ്റം വരെ പോയും യൂണിയൻ ചെറുത്ത് തോല്പ്പിക്കും. പി ആർ പ്രവീണയ്ക്ക് യൂണിയൻ ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.