മിഷൻ ടൊര്‍ണാഡോ: കരിപ്പൂരിൽ പ്രത്യേക ഓപ്പറേഷനിൽ 11 കിലോ സ്വര്‍ണം പിടികൂടി കസ്റ്റംസ്
അറസ്റ്റിലായ മുര്‍ഷിദ് ,യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതി കൈതപ്പൊയില്‍ സ്വദേശി സ്വാലിഹിന്‍റെ വലം കൈയാണെന്നാണ് പോലീസ് പറയുന്നത്.
കൊണ്ടോട്ടി: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിൻ്റെ വൻ സ്വര്‍ണവേട്ട. മിഷൻ ടൊര്‍ണാഡോ: എന്ന പേരിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ആറ് കോടിയോളം രൂപ വിലമതിക്കുന്ന 11 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസിൻ്റെ കൊച്ചി, കോഴിക്കോട്, കരിപ്പൂര്‍ വിഭാഗങ്ങൾ ചേര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇത്രയേറെ സ്വര്‍ണം പിടിച്ചത്. സ്വര്‍ണവുമായി വിവിധ വിമാനങ്ങളിൽ കരിപ്പൂരിൽ എത്തിയ പത്ത് യാത്രക്കാരും കസ്റ്റംസിൻ്റെ പിടിയിലായി. സമീപകാലത്ത് വലിയ രീതിയിലുള്ള സ്വര്‍ണക്കടത്ത് കരിപ്പൂര്‍ വഴി നടക്കുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിൻ്റെ പ്രത്യേക ഓപ്പറേഷൻ. സമീപകാലത്ത് കരിപ്പൂരിൽ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് ഇത്.
നെടുമ്പാശ്ശേരി രാജ്യാന്തരവിമാനത്താവളത്തിൽ ഡിആർഐയും ഇന്ന് സ്വർണവേട്ട നടത്തി. ക്വാലാലംപൂരിൽ നിന്നും വന്ന മലപ്പുറം സ്വദേശികളായ അബ്ദുൾ ഗഫൂർ, അബ്ദുൾ റഷീദ് എന്നിവരിൽ നിന്നായി 1968 ഗ്രാം സ്വർണമാണ് രഹസ്യ വിവരത്തെ തുടർന്ന് സി ആർ ഐ എത്തി പിടികൂടിയത്.
പന്തിരിക്കരയിലെ തട്ടിക്കൊണ്ടു പോകൽ: ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി മുര്‍ഷിദിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോകപ്പെട്ട ഇര്‍ഷാദിന്‍റെ വീഡിയോ സന്ദേശം ഇതിനിടെ പുറത്തു വന്നു..
അറസ്റ്റിലായ മുര്‍ഷിദ് ,യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതി കൈതപ്പൊയില്‍ സ്വദേശി സ്വാലിഹിന്‍റെ വലം കൈയാണെന്നാണ് പോലീസ് പറയുന്നത്. വിദേശത്തുള്ള സ്വാലിഹിന്‍റെ നാട്ടിലുള്ള സ്വര്‍ണ്ണക്കടത്ത് ഓപ്പറേഷനുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഇയാളാണെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. കൊടുവള്ളിയിലും സമീപ പ്രദേശങ്ങളിലും ഇന്ന് പുലര്‍ച്ചെ അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും തട്ടിക്കൊണ്ടു പോകപ്പെട്ട ഇര്‍ഷാദ് എവിടെയാണെന്ന് ഇതു വരെ കണ്ടെത്താനായിട്ടില്ല. ഇതിനിടയിലാണ് ഇര്‍ഷാദിന്‍റെ വീഡിയോ സന്ദേശം പുറത്തു വന്നത്. താന്‍ സ്വര്‍ണ്ണം കൈമാറിയിരിക്കുന്നത് പന്തിരിക്കര സ്വദേശിയായ ഷമീറിനാണെന്നാണ് ഇര്‍ഷാദ് വീഡിയോയില്‍ പറയുന്നത്.
എന്നാല്‍ ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പാണെന്നാണ് പോലീസ് പറയുന്നത്. സ്വര്‍ണ്ണക്കടത്തു സംഘവുമായി ബന്ധപ്പെട്ടവര്‍ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ വീഡിയോ പുറത്തു വിട്ടതെന്നും പോലീസ് കരുതുന്നു. അതേ സമയം ഇര്‍ഷാദിനെ ഇതു വരെ പോലീസിന് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി.