കുസാറ്റ് ദുരന്തം; കുട്ടികളെ സമയത്ത് കയറ്റിവിടുന്നതിൽ വീഴ്ചയെന്ന് വിസി , 2പേരുടെ നില ഗുരുതരം, 38 പേർ ചികിത്സയിൽ

ആസ്റ്റര്‍ മെഡിസിറ്റിയിലുള്ള രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമാണെന്നും ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യ നിലയിൽ ആശങ്കയില്ലെന്നും ആരോഗ്യമന്ത്രി ഡോ. വീണാ ജോര്‍ജ് പറഞ്ഞു. ശ്വാസം മുട്ടിയാണ് നാലുപേരുടെയും മരണകാരണം എന്നാണ് പ്രാഥമിക നിഗമനമെന്നും വീണാ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. 

Cusat accident; Failure in allowing students to auditorium says vc, the condition of 2 people is critical and 38 people are under treatment

കൊച്ചി: കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ വീഴ്ചയുണ്ടായെന്ന് വൈസ് ചാന്‍സിലര്‍. പ്രോഗ്രാമിന്‍റ സമയത്തിന് അനുസരിച്ച് വിദ്യാര്‍ത്ഥികളെ ഓ‍ഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ചയുണ്ടായെന്ന് കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ മാധ്യമങ്ങളോട് പറഞ്ഞു.പരിപാടി തുടങ്ങാന്‍ കുറച്ചു വൈകുകയും അങ്ങനെ കുട്ടികളെ കയറ്റുന്നതിന് താമസമുണ്ടാകുകയും ചെയ്തു. പിന്നീട് ഏഴുമണിക്ക് പരിപാടി ആരംഭിക്കുമെന്ന് വന്നതോടെ പുറത്തുനിന്നുള്ളവരും ഇരച്ചുകയറി. ഇതോടെ തിരക്കായി. സ്റ്റെപ്പില്‍ നില്‍ക്കുന്നവര്‍ താഴേക്ക് വീണു. ഓഡിറ്റോറിയത്തിന്‍റെ പിന്‍ഭാഗത്തായുള്ള സ്റ്റെപ്പുകള്‍ കുത്തനെയുള്ളതായിരുന്നു. വീതി കുറഞ്ഞ ഈ സ്റ്റെപ്പില്‍നിന്ന വിദ്യാര്‍ത്ഥികള്‍ തിരക്കില്‍പെട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നും കുസാറ്റ്  വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ പറഞ്ഞു. 

അപകടത്തില്‍ കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, പാലക്കാട് മുണ്ടൂര്‍ തൈകാട്ടുശ്ശേരി ആല്‍ബിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള മലപ്പുറം സ്വദേശി ഷീബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി എന്നിവരെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിലവില്‍ 34 പേരാണ് ചികിത്സയിലുള്ളത്. രണ്ടു പേര്‍ കിന്‍ഡര്‍ ആശുപത്രിയിലും ചികിത്സയിലുണ്ട്. മൂന്നു ആശുപത്രികളിലുമായി ആകെ 38 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

മരിച്ച നാലുപേരുടെയും പോസ്റ്റ്മോര്‍ട്ടവും പൂര്‍ത്തിയായി. രാവിലെ ഏഴോടെയാണ് പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചത്. കുസാറ്റിലെ വിദ്യാര്‍ത്ഥികളായ മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ക്യാമ്പസില്‍ പൊതുദര്‍ശനത്തിനുവെക്കും. മരിച്ച ആല്‍ബിന്‍ ജോസഫിനെ ഇന്നലെ രാത്രിയോടെയാണ് തിരിച്ചറിഞ്ഞ്. ഇന്നലെ രാവിലെയാണ് പാലക്കാട് മുണ്ടൂരിലെ വീട്ടിൽ നിന്ന് കൊച്ചിയിലേക്ക് പോയത്. സേഫ്റ്റി ആൻറ് ഫയർ എഞ്ചിനീയറിംഗ് കോഴ്സ് പഠിച്ച ആല്‍ബിന്‍ ജോലി തേടി പുറത്തേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കോഴ്സുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായാണ് ആല്‍ബിന്‍ കുസാറ്റിലെത്തിയത്.ആല്‍ബിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പാലക്കാട് മുണ്ടൂരിലേക്ക് കൊണ്ടുപോകും. ആസ്റ്റര്‍ മെഡിസിറ്റിയിലുള്ള രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമാണെന്നും ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യ നിലയിൽ ആശങ്കയില്ലെന്നും ആരോഗ്യമന്ത്രി ഡോ. വീണാ ജോര്‍ജ് പറഞ്ഞു. ശ്വാസം മുട്ടിയാണ് നാലുപേരുടെയും മരണകാരണം എന്നാണ് പ്രാഥമിക നിഗമനമെന്നും വീണാ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. 

ഇതിനിടെ, സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് വൈസ് ചാന്‍സിലര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറി. റിപ്പോര്‍ട്ടില്‍ വീഴ്ചയുണ്ടായെന്ന് പറയുന്നില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പറയുന്നത്. 

വൈസ് ചാന്‍സിലര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട്


കൊച്ചി ശാസ്ത്ര സാങ്കേതീക സർവകലാശാലയിൽ നവംബർ 24, 25,26 തിയതികളിൽ സ്ക്കൂൾ ഓഫ് എൻജിനീയറിംങ് വിഭാഗം നടത്തിയ ടെക്നിക്കൽ ഫെസ്റ്റിൽ എക്സിബിഷൻ, ടെക്നിക്കൽ ടോക്സ്, എക്ക്‌സ്‌പേർട്ട്  ലക്ചേഴ്സ് എന്നിവ യാണ് നടന്നത്. സമീപ കോളേജു കളിലെ വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന മ്യൂസിക്ക് പ്രോഗ്രാം നടത്തുന്ന സമയത്താണ് അപകടം ഉണ്ടായത്. പ്രോഗ്രാം തുടങ്ങുന്നതിന് മുൻപ് തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ പുറത്ത് തടിച്ചു കൂടിയിരുന്നു. പരിപാടി തുടങ്ങാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുവാൻ ശ്രമിച്ചു. പ്രോഗ്രാം തുടങ്ങാറായപ്പോൾ മഴ ചാറി തുടക്കുകയും എല്ലാവരും അകത്തേക്ക് തള്ളിക്കയറുകയും ചെയ്തു. അപ്പോൾ സ്റ്റെപ്പിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ വീഴുകയും മറ്റുള്ളവർ അവരുടെ മീതെ വീഴുകയും ചെയ്തു. ഈ വീഴ്ചയുടെ ഭാഗമായി കുട്ടികൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 3 പേർ കുസാറ്റ് വിദ്യാർഥികളാണ്. ഒരാൾ പുറത്ത് നിന്നുള്ള ആളാണ്. രണ്ടു വിദ്യാർഥികൾ സ്വകാര്യ ആശുപത്രിയിൽ തീപ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സർവകലാശാലയുടെ സിണ്ടിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ചികിത്സാചെലവ് സർവകലാശാല വഹിക്കും.

കുസാറ്റ് ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്; പൊലീസ് കേസെടുത്തു, ഒരാളുടെ നില അതീവഗുരുതരം

കോഴിക്കോട്ടെ നവകേരള സദസ്സ്; കുസാറ്റ് ദുരന്തത്തെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഒഴിവാക്കി


 

Latest Videos
Follow Us:
Download App:
  • android
  • ios