ഫോർട്ട്കൊച്ചിയില്‍ ഇന്ന് മുതൽ കർഫ്യൂ; അവശ്യസാധനങ്ങളുടെ കടകൾ രണ്ട് മണിവരെ മാത്രം, യാത്രാനിരോധനവും കർശനമാക്കും
എറണാകുളം ജില്ലയിൽ മാറാടി പഞ്ചായത്തിൽ നാലാം വാർഡും, വാരപ്പെട്ടി പഞ്ചായത്തിൽ എട്ടാം വാർഡും,കാഞ്ഞൂരിൽ അഞ്ചാം വാർഡും ഇന്ന് മുതൽ നിയന്ത്രിതമേഖലയാകും.
കൊച്ചി: എറണാകുളത്ത് ആലുവക്കൊപ്പം ഫോർട്ട്കൊച്ചിയിലും ഇന്ന് മുതൽ കർഫ്യൂ. സമ്പർക്കരോഗികളുടെ എണ്ണം 50ന് മുകളിലെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. ഉച്ചക്ക് രണ്ട് മണിവരെ മാത്രമാകും അവശ്യസാധനങ്ങളുടെ കടകൾക്ക് തുറക്കാൻ അനുമതി. യാത്രാനിരോധനവും കർശനമാക്കും.
ആലുവ കൂടാതെ സമീപപ്രദേശങ്ങളായ അങ്കമാലിയിലും കാലടിയിലും കൊവിഡ് സ്ഥിരീകരിക്കുന്നത് ജില്ലയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. എറണാകുളം ജില്ലയിൽ മാറാടി പഞ്ചായത്തിൽ നാലാം വാർഡും, വാരപ്പെട്ടി പഞ്ചായത്തിൽ എട്ടാം വാർഡും,കാഞ്ഞൂരിൽ അഞ്ചാം വാർഡും ഇന്ന് മുതൽ നിയന്ത്രിതമേഖലയാകും. അതേസമയം, പെരുമ്പാവൂരിൽ വാഴക്കുളം പഞ്ചായത്തിലെ ഒമ്പതാം വാർഡും,വെങ്ങോല പഞ്ചായത്തിലെ ഒന്നും, രണ്ടും വാർഡുകളും നിയന്ത്രിതമേഖലയാക്കി.
പെരുമ്പാവൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ മാത്രം 15 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 14 പേർ വാഴക്കുളം പഞ്ചായത്തിലാണ്. ഒരാൾ വെങ്ങോല പഞ്ചായത്തിലും. വാഴക്കുളം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം മരിച്ച വീട്ടമ്മയുടെ 10 ബന്ധുക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.