പാതിവില തട്ടിപ്പ്; രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം, അനന്തുകൃഷ്ണന്‍റെ ഭൂമി ഇടപാടുകളിൽ വിവരം തേടി പൊലീസ്
പാതിവില തട്ടിപ്പിൽ പണം പറ്റിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം. തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടോയെന്നറിയാനാണ് അന്വേഷണം നടത്തുന്നത്. അനന്തുകൃഷ്ണന്‍റെ ഭൂമി ഇടപാടുകളുടെ വിശദാംശങ്ങളും പൊലീസ് തേടിയിട്ടുണ്ട്.
കൊച്ചി: പാതിവില തട്ടിപ്പിൽ പണം പറ്റിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം. തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടോയെന്നറിയാനാണ് അന്വേഷണം നടത്തുന്നത്. അതേസമയം, കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനുമായി കൊച്ചിയിലെ ഫ്ലാറ്റിലും ഓഫീസിലും ഇന്ന് തെളിവെടുപ്പ് നടത്തും. പാതിവില തട്ടിപ്പിൽ ഒരോ ദിവസവും പരാതികളുടെ എണ്ണം കൂടുകയാണ്. കേസിലെ പ്രതിയായ അനന്തുകൃഷ്ണന്‍റെ ഭൂമി ഇടപാടുകളുടെ വിശദാംശങ്ങളും പൊലീസ് തേടിയിട്ടുണ്ട്.
ഭൂമി വാങ്ങിക്കൂട്ടിയതിന്‍റെ രേഖകൾ ആവശ്യപ്പെട്ട് രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകി. ഇടുക്കിയിലും കോട്ടയത്തുമായി അഞ്ചിടങ്ങളിലാണ് അനന്തു ഭൂമി വാങ്ങിക്കൂട്ടിയത്. ബിനാമി ഇടപാടുകൾ നടന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊച്ചി ഹൈക്കോടതി ജംഗ്ഷനില്‍ അനന്തു താമസിച്ചിരുന്ന ഫ്ളാറ്റിലും പനമ്പിളളി നഗറിലെയും കളമശ്ശേരിയിലെയും ഓഫീസുകളിലും അനന്തുവിനെ ഇന്ന് എത്തിക്കും.
അനന്തു വാങ്ങി കൂട്ടിയ സ്ഥലങ്ങളില്‍ അനന്തുവിനെ എത്തിച്ച് ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് അനന്തു പണം അയച്ചിരുന്നെന്നതിന്‍റെ തെളിവുകള്‍ പൊലീസിന് കിട്ടിയിരുന്നു. എന്നാല്‍, ഈ നേതാക്കള്‍ക്ക് തട്ടിപ്പുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ തുടരുമെന്നാണ് പൊലീസ് അറിയിച്ചത്.